
ഹൈദരാബാദ് സിറ്റി: ഓൺലൈൻ ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവതിയുടെ വാക്കുകൾ വിശ്വസിച്ച, ഹൈദരാബാദ് സ്വദേശിയായ ഒരു യുവാവിന് നഷ്ടപ്പെട്ടത് 1.90 ലക്ഷം രൂപ (Dating app scam). പോലീസ് പറയുന്നതനുസരിച്ച്, നഗരത്തിലെ ഒരു യുവാവ് (28 വയസ്സ്) ഓൺലൈൻ ഡേറ്റിംഗ് ആപ്പായ ചാറ്റ് ജോജോയിലൂടെ ഒരു യുവതിയെ പരിചയപ്പെട്ടു. അയാൾ വാട്ട്‌സ്ആപ്പിൽ പതിവായി യുവതിയുമായിചാറ്റ് ചെയ്യാറുണ്ടായിരുന്നു. തന്റെ പേര് മധുഗുല ശരണ്യയാണെന്നും താൻ ഒരു അനാഥയാണെന്നുമാണ് യുവതി യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ജോലിയില്ലാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്നും അവൾ യുവാവിനോട് പറഞ്ഞു.
അവളുടെ വാക്കുകൾ വിശ്വസിച്ച യുവാവ് പലതവണയായി അവൾ നൽകിയ അക്കൗണ്ടുകളിലേക്ക് 95,000 രൂപ ട്രാൻസ്ഫർ ചെയ്തു. ജോലി ലഭിച്ചുവെന്നും രണ്ട് ദിവസത്തിനുള്ളിൽ പണം നൽകുമെന്നും പറഞ്ഞ യുവതി,പിന്നീടങ്ങോട്ട് ചാറ്റ് ചെയ്യുന്നത് നിർത്തി. രണ്ട് ദിവസത്തിന് ശേഷം, വീടിന്റെ ഉടമയാണെന്ന് അവകാശപ്പെട്ട് ഒരാൾ വാട്ട്‌സ്ആപ്പിൽ വിളിച്ച് ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറഞ്ഞു.
കടം വാങ്ങിയ പണം നൽകാൻ നിർബന്ധിച്ചതിനാലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പറഞ്ഞു. തുടർന്ന് "നിങ്ങളാണ് യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഞാൻ നിനക്കെതിരെ കേസ് ഫയൽ ചെയ്യും" എന്ന് ഭീഷണിപ്പെടുത്തി,95,000 രൂപ കൂടി കൈപ്പറ്റി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇര സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.