
ഹൈദരാബാദ്: തെലുങ്കാനയിൽ മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നാഗർകുർനൂൾ ജില്ലയിലെ വേൽദണ്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ, 36കാരനായ യുവാവും എട്ടും ആറും വയസുള്ള പെൺമക്കളും നാലുവയസുള്ള മകനുമാണ് മരിച്ചത്. ബുധനാഴ്ച അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് ചില പ്രദേശവാസികൾ പോലീസിൽ വിവരമറിയിച്ചിരുന്നു.വ്യാഴാഴ്ച നാഗർകുർനൂൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നടത്തിയ തിരച്ചിലിൽ പെൺകുട്ടികളുടെയും നാല് വയസുകാരന്റെയും മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലും അഴുകിയ നിലയിലും പോലീസ് കണ്ടെത്തി.
അതേസമയം, ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നും മൂന്ന് കുട്ടികളുമായി യുവാവ് ബൈക്കിൽ പുറപ്പെട്ട് നാഗർകുർനൂളിൽ എത്തിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇയാൾ മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.