
മുംഗേർ : ഭർത്താവിന്റെ വിവാഹേതര ബന്ധത്തെ എതിർത്ത യുവതിയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.ബീഹാറിലെ മുംഗേർ ജില്ലയിൽ, സംഗ്രാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോവിന്ദ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. രാഹുൽ ശർമ്മ എന്ന യുവാവാണ് ഭാര്യ മധുകുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 2019 നവംബർ 22നായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു കുട്ടിയുമുണ്ട്. ആദ്യകാലങ്ങളിൽ ദാമ്പത്യ ജീവിതം സാധാരണ നിലയിൽ ആയിരുന്നെങ്കിലും, പിന്നീട് രാഹുൽ സ്ത്രീധനം ആവശ്യപെട്ട ഭാര്യയെ പീഡിപ്പിക്കാൻ തുടങ്ങി.
ഇതിനിടെ , കഴിഞ്ഞ ഒരു വർഷമായി രാഹുൽ ഡി-എൽ.എഡ്. പഠനത്തിനായി ബങ്ക ജില്ലയിൽ പോകാറുണ്ടായിരുന്നു. ഇവിടെ വെച്ച് അയാൾ മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഭർത്താവിന്റെ പ്രണയത്തെക്കുറിച്ച് ഭാര്യ മധു അറിഞ്ഞപ്പോൾ അവൾ അതിനെ എതിർക്കാൻ തുടങ്ങി. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളും വഴക്കുകളും ഉണ്ടായിരുന്നു.
സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായിരുന്നു. മധു തന്റെ സഹോദരൻ അഭിനവിനെ വിളിച്ച്, ഇനി തന്റെ ഭർതൃവീട്ടിൽ താമസിക്കാൻ കഴിയില്ലെന്നും തന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞു. അഭിനവ് രാവിലെ വരാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ ഗോവിന്ദ്പൂരിൽ എത്തിയപ്പോൾ, രാഹുലും മധുവും തമ്മിൽ കടുത്ത വഴക്കുണ്ടാകുന്നതും രാഹുൽ മധുവിനെ കഴുത്തു ഞെരിച്ച് കൊല്ലുന്നതുമാണ്കണ്ടത്. അഭിനവ് ഇടപെട്ടപ്പോൾ രാഹുൽ അയാളെ മർദ്ദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
അഭിനവ് ആളുകളുമായി തിരിച്ചെത്തിയപ്പോഴേക്കും മധു മരിച്ചിരുന്നു, രാഹുൽ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുൻഗർ സദർ ആശുപത്രിയിലേക്ക് അയച്ചു. കേസ് ശാസ്ത്രീയമായി അന്വേഷിച്ചുവരികയാണെന്നും മുൻഗർ എസ്‌പി സയ്യിദ് ഇമ്രാൻ മസൂദ് പറഞ്ഞു. പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് റെയ്ഡ് ആരംഭിച്ചു.