ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ എൻ.ആർ. പുരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയെ കാറിടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ആന കാറിൻ്റെ മുൻഭാഗത്തേക്ക് വീണു. എൻ.ആർ. പുര ബലിഹൊണ്ണൂർ സംസ്ഥാന പാതയിലാണ് സംഭവം.(A wild elephant crossing the road was hit by a car, falls on top of the car)
അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. എന്നാൽ, ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീണെങ്കിലും, യാത്രക്കാരെ ആക്രമിക്കാൻ മുതിരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കാറിലുണ്ടായിരുന്നവർ സുരക്ഷിതരാണ്.
കർണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു.അപകടത്തിൽ പരിക്കേറ്റ ആനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചു. കർണാടകയിൽ മനുഷ്യ-മൃഗ സംഘർഷം വർധിച്ചുവരുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.