
ബീഹാർ : ഗയയിൽ, ഹോളി അവധിക്ക് വീട്ടിലെത്തിയ സൈനികനെ അക്രമികൾ തല്ലിക്കൊന്നു. ബൈക്കിന്റെ ഡീപ്പ് ലൈറ്റ് ഓൺ ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ജവാനെ ആക്രമിച്ചത്. ഈ കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
റിപ്പോർട്ടുകൾ അനുസരിച്ച്, സൈനികനായ പ്രവീൺ കുമാർ ഹോളി അവധിക്ക് തന്റെ ഗ്രാമത്തിൽ വന്നിരുന്നു. മാർച്ച് 8 ന് രാത്രി വൈകിയാണ് പ്രവീൺ കുമാർ അക്രമത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു.
ഒരു ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രവീൺ കുമാർ വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിന്റെ ഡീപ്പ് ലൈറ്റ് ഓൺ ചെയ്യുന്നതിനെച്ചൊല്ലി മറ്റൊരു ബൈക്ക് യാത്രികനുമായി തർക്കമുണ്ടായതായി ഗയ എഎസ്പി പറഞ്ഞു. തുടർന്ന് പ്രകോപിതരായ സംഘം സൈനികനെ ആക്രമിക്കുകയായിരുന്നു.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. ഈ കേസിൽ ടെക്കരി പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാമന്ന ഗ്രാമവാസികളായ പ്രമോദ് കുമാറിനെയും വികാസ് കുമാറിനെയും അറസ്റ്റ് ചെയ്തതായി എഎസ്പി പറഞ്ഞു. മറ്റ് നാല് പ്രതികളെ പിടികൂടാൻ റെയ്ഡുകൾ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.