
പൂനെ : ഗംഗാധാം ചൗക്കിൽ ട്രക്ക് ഇടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെ ഗംഗാധാം ചൗക്കിൽ, പിതാവിനൊപ്പം പിൻസീറ്റ് യാത്രക്കാരിയായി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ അമിതവേഗതയിലെത്തിയ ഒരു ട്രക്ക് ഇടിച്ച്ആണ് അപകടമുണ്ടായത്. സാംഭാരെ പാലസിനടുത്തുള്ള മുകുന്ദ്‌നഗറിൽ താമസിച്ചിരുന്ന ദീപാലി യുവരാജ് സോണി (25) ആണ് മരണപ്പെട്ടത്. വാഹനമോടിച്ചിരുന്ന പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം രാവിലെ 11:15 ഓടെയാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നൽ പച്ചയായി മാറിയതിനുശേഷം അച്ഛനും മകളും മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോഴാണ് MH-14-AS-8852 എന്ന നമ്പറിലുള്ള ട്രക്ക് പിന്നിൽ നിന്ന് അവരുടെ വാഹനത്തിൽ ഇടിച്ചത്. തുടർന്ന് ഇരുവരും ട്രക്കിനടിയിൽ വീണു. ദീപാലി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും ശേഖരിച്ചിട്ടുണ്ട്. ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്, അന്വേഷണം തുടരുകയാണ്.