ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടു: ഡൽഹി സ്ഫോടനത്തിൽ പുറത്തായത് ഞെട്ടിക്കുന്ന ഗൂഢാലോചന, സിഗ്നൽ ആപ്പ് വഴി ആശയ വിനിമയം, കൊലയാളി ഉമർ എന്ന് സ്ഥിരീകരണം | Delhi blast

രണ്ടംഗങ്ങൾ വീതമുള്ള നാല് സംഘങ്ങളായി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ ശ്രമം
ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടു: ഡൽഹി സ്ഫോടനത്തിൽ പുറത്തായത് ഞെട്ടിക്കുന്ന ഗൂഢാലോചന, സിഗ്നൽ ആപ്പ് വഴി ആശയ വിനിമയം, കൊലയാളി ഉമർ എന്ന് സ്ഥിരീകരണം | Delhi blast
Published on

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പിടിയിലായ ഭീകരസംഘം രാജ്യത്തെ നാല് നഗരങ്ങളിൽ ഒരേസമയം സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി. രണ്ടംഗങ്ങൾ വീതമുള്ള നാല് സംഘങ്ങളായി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി 'സിഗ്നൽ' ആപ്പ് വഴിയാണ് ഭീകരർ ആശയവിനിമയം നടത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു.( A series of blasts were planned in 4 cities simultaneously, A shocking conspiracy exposed in the Delhi blast)

ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷണം ഊർജിതമാക്കുകയും കൂടുതൽ പേർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20, പിന്നീട് കണ്ടെത്തിയ എക്കോസ്പോർട്ട് കാറുകൾക്ക് പുറമെ, രണ്ട് വാഹനങ്ങൾ കൂടി സംഘം വാങ്ങിയതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് നിഗമനം. ഈ രണ്ട് കാറുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

ഹരിയാനയിൽ നിന്ന് ഫരീദാബാദ് പോലീസ് കണ്ടെത്തിയ ചുവന്ന എക്കോ സ്പോർട്ട് കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതായി സൂചനയുണ്ട്. അമോണിയം നൈട്രേറ്റ് കടത്താൻ ഈ കാർ ഉപയോഗിച്ചു എന്നാണ് പ്രാഥമിക നിഗമനം.

കേസുമായി ബന്ധപ്പെട്ട് കാൺപൂരിൽ നിന്ന് അനന്ത്‌നാഗ് സ്വദേശി മുഹമ്മദ് ആരിഫ് എന്ന ഒരു ഡോക്ടറെക്കൂടി എൻ.ഐ.എ. കസ്റ്റഡിയിലെടുത്തു. ഇതോടെ, ഈ കേസിൽ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. നേരത്തെ പിടിയിലായ പർവ്വേസിനെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.

ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായാണ് വിവരം. കാർ ഓടിച്ചിരുന്നത് പുൽവാമ സ്വദേശി ഡോ. ഉമർ തന്നെയെന്ന് ഡി.എൻ.എ. പരിശോധനാ ഫലം സ്ഥിരീകരിച്ചിരുന്നു. കശ്മീരിൽ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക് പ്രതിയായ മുസമിലിൻ്റെ സുഹൃത്താണ്. ഉമർ വാങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുസമീൽ ആയിരുന്നു. വലിയ ആക്രമണത്തെക്കുറിച്ച് ഉമർ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നു.

ഉമറും കൂട്ടാളികളും യഥാർത്ഥത്തിൽ ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ ഈ നീക്കത്തെ 'ഭീകര നീക്കം' എന്ന് നിഗമനത്തിലെത്തിയത്. സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ഡൽഹിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ 10 മിനിറ്റ് സമയം ചെലവിട്ടു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമർ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമർ എത്തിയ പള്ളിയിലെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചു കഴിഞ്ഞു. ഇതിനിടെ, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഫോടനം നടന്നതിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com