
പട്ന : ബീഹാറിലെ മധുബാനി ജില്ലയിൽ നിന്ന് ഒരു ഞെട്ടിക്കുന്ന പ്രണയകഥ പുറത്തുവന്നു. ധനഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന അഞ്ച് കുട്ടികളുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടിയതാണ് വാർത്ത. ഒളിച്ചോടിയ കാമുകൻ അഞ്ച് കുട്ടികളുടെ പിതാവുമാണ് എന്നതും ശ്രദ്ധേയം. ഈ സംഭവം രണ്ട് കുടുംബങ്ങളിലെയും പത്ത് കുട്ടികളുടെ ഭാവിയാണ് തുലാസിലാക്കിയത്.
സംഭവത്തിൽ, ഒളിച്ചോടിയ യുവതിയുടെ ഭർത്താവ് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഭാര്യയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതാണെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 9 ന് ധവാഹിയ ഗ്രാമത്തിലെ താമസക്കാരനായ ബാബുനന്ദ് യാദവിനൊപ്പം യുവതി ഒളിച്ചോടിയതായി ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. ഒളിച്ചോടുന്നതിനിടയിൽ, വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ, മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണം, വസ്ത്രങ്ങൾ എന്നിവയും അവർ കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.
മകളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും അതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും, ഇതിനിടെയാണ് ഭാര്യ ഈ കടുംകൈ ചെയ്തതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. കൂലിപ്പണിക്കാരനായ ഭർത്താവും, ഗ്രാമത്തിനു പുറത്ത് ജോലി ചെയ്യുന്നയാളുമാണ് യുവതി. അതേസമയം , പോലീസിൽ പരാതി നൽകിയാൽ ബാബുനന്ദ് യാദവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇരുവരുടെയും മൊബൈൽ നമ്പറുകൾ കണ്ടെത്തി വരികയാണെന്നും യുവതിയെ ഉടൻ തന്നെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.