
ഷിംലയുടെ മടിത്തട്ടിലെ മനോഹരമായ കാഴ്ചകളുടെ മന്ത്രികലോകമാണ് ഗ്രീൻ വാലി (Green Valley). പ്രകൃതിസ്‌നേഹികളും ഫോട്ടോഗ്രാഫി പ്രേമികളും തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടം തന്നെയാണ് ഇവിടം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന ഹിൽ സ്റ്റേഷനും ഗ്രീൻവാലിയാണ്. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെ ( Shimla) ഹൃദ്യഭാഗത്താണ് ഗ്രീൻ വാലി സ്ഥിതിചെയുന്നത്. ഹിമവാന്റെ മാറിലേക്ക് യാത്ര പോകുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആദ്യം കണ്ടിരിക്കേണ്ടതും ഗ്രീൻ വാലി തന്നെയാണ്.
ഗ്രീൻ വാലിയിലേക്കുള്ള യാത്ര വളരെ രസകരമാണ്. പച്ചപ്പ് നിറഞ്ഞ വളഞ്ഞു പുളഞ്ഞ റോഡുകൾ നിങ്ങളെ മനോഹരമായ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുന്നു. പൈൻ മരങ്ങളുടെ ഗന്ധം നിറഞ്ഞ കാറ്റ് സഞ്ചാരികളിൽ പുതുജീവൻ പകർന്ന് നൽകുന്നു. ഗ്രീൻ വാലിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രാകൃതമായ പ്രകൃതി സൗന്ദര്യമാണ്. ദേവദാരു, ഓക്ക്, റോഡോഡെൻഡ്രോൺ എന്നിവയുടെ ഇടതൂർന്ന വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു ഈ താഴവര. യാക്കുകൾ, മാൻ, കരടി, പക്ഷികൾ തുടങ്ങി വിവിധതരം വന്യജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. നിരവധി ജനപ്രിയ ബോളിവുഡ് സിനിമളുടെ പശ്ചാത്തലമായി മാറിയ ഗ്രീൻ വാലി സിനിമ പ്രേമികളുടെയും വിഹാരകേന്ദ്രമാണ്.
ഇന്ത്യയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ പ്രധാനിയാണ് ഷിംലയിലെ ഗ്രീൻ വാലി. ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഗ്രീൻ വാലി. ഹിമാലയൻ കൊടുമുടികളുടെയും, പൈൻ വനങ്ങളുടെയും, പച്ചപ്പു നിറഞ്ഞ വയലുകളുടെയും അതിമനോഹരമായ കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിക്കുന്നു. കുഫ്രി വ്യൂ പോയിന്റ്, ഗ്രീൻ വാലി വ്യൂ പോയിന്റ്, മഹാസു കൊടുമുടി തുടങ്ങിയ വ്യത്യസ്ത വ്യൂപോയിന്റുകളിൽ നിന്നും ഗ്രീൻ വാലിയുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കുവാൻ സാധിക്കുന്നതാണ്. കുന്നുകൾക്കിടയിൽ നിന്ന് ദൂരത്തേക്ക് നോക്കുമ്പോൾ നീലാകാശത്തെ തുളച്ചു കയറുന്ന മഞ്ഞുമൂടിയ കൊടുമുടികളുടെ ദൃശ്യം തീർത്തും അവിസ്മരണീയമാണ്. ചക്രവാളത്തിന് താഴെ സൂര്യൻ അസ്തമിക്കുമ്പോൾ താഴ്‌വര സ്വർണ്ണ പ്രഭയിൽ അമരുമ്പോൾ ഗ്രീൻ വാലി ഒരു നിഗൂഢ പ്രഭാവലയം തന്നെ ചുറ്റും തീർക്കുന്നു.
ഗ്രീൻ വാലിയുടെ അതിമനോഹരമായ സൗന്ദര്യം ക്യാമറ ലെൻസുകൾക്ക് പ്രകൃതിയുടെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു. മഞ്ഞുമൂടിയ ഹിമാലയവും കുന്നുകളും, മനോഹരമായ ഗ്രാമങ്ങളുടെയും അതിശയിപ്പിക്കുന്ന കാഴ്ചകൾ ഈ താഴ്‌വരക്ക് ദൃശ്യപരമായി ഗംഭീരം പകർന്നു നൽകുന്നു. പ്രകൃതിതുടെ മനോഹാരിതയ്ക്കും അപ്പുറം, സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യത്താൽ നിറഞ്ഞതാണ് ഗ്രീൻ വാലി. താഴ്‌വരയെ സമ്പന്നമാകുന്ന പുരാതന ആരാധനാലയങ്ങളും കെട്ടിടങ്ങളും ഒരു നാടിന്റെ ചരിത്രം തന്നെ മന്ത്രിക്കുന്നു. ഹിമാചൽ പ്രദേശിന്റെ പ്രാദേശിക സംസ്കാരവും പാരമ്പര്യവും തൊട്ടറിയുവാൻ സാധിക്കുന്ന ഇടം കൂടിയാണ് ഷിംലയിലെ ഗ്രീൻ വാലി.
ബ്രിട്ടീഷ് ഭരണകാലം മുതലേ ഗ്രീൻ വാലി പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു. 1903 ൽ കൽക്ക-ഷിംല റെയിൽവേയുടെ നിർമ്മാണത്തോടു കൂടി കൂടുതൽ സഞ്ചാരികൾ ഗ്രീൻ വാലിയിൽ എത്തുവാൻ ആരംഭിക്കുന്നു. പ്രകൃതിദൃശ്യങ്ങൾക്കും ചുറ്റുമുള്ള കുന്നുകളുടെ വിശാലമായ കാഴ്ചകൾക്കും ഗ്രീൻ വാലി പ്രശസ്തി നേടി. 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയിൽ തന്നെ ഗ്രീൻ വാലി പ്രശസ്തി നേടുന്നു. പുതിയ ഹോട്ടലുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വരവോടെ ഗ്രീൻ വാലിയുടെ പ്രതിച്ഛായ തന്നെ മാറുന്നു. പുതിയ റെയിൽവെ ലൈനുകളുടെയും റോഡുകളുടെയും വരവോടെ ടൂറിസവും കൂടുതൽ വിപുലമാകുന്നു. പ്രകൃതിയ്ക്ക് യാതൊരു കോട്ടവും തട്ടാതെയുള്ള വികസന മാതൃകയാണ് ഗ്രീൻ വാലിയുടെ ശ്രദ്ധേയമായ സവിശേഷത. വിനോദസഞ്ചാരികളെ മാത്രമല്ല ഫോട്ടോഗ്രാഫർമാരെയും സാഹസിക യാത്രക്കാരെയും ഒരുപോലെ ഗ്രീൻ വാലി ആർഷിക്കുന്നു
ഷിംലയിലെ ഗ്രീൻ വാലിയിൽ കണ്ടിരിക്കേണ്ട .
കുഫ്രി ഫൺ വേൾഡിൽ ഒരു ദിവസം : ലോകത്തിലെ ഏറെ പ്രശസ്തമായ അമ്യൂസ്‌മെന്റ് പാർക്കുകളിൽ ഒന്നാണ് കുഫ്രി ഫൺ വേൾഡ്. ഗ്രീൻ വാലിയിൽ നിന്ന് വെറും 1.2 കിലോമീറ്റർ അകലെയാണ് പാർക്ക്.
റിസർവ് ഫോറസ്റ്റ് സാങ്ച്വറിയിലേക്ക് ഒരു യാത്ര : ഗ്രീൻ വാലിയിലെ സസ്യജന്തുജാലങ്ങളെ അടുത്തറിയുവാനുള്ള അവസരം ഈ വന്യജീവി സങ്കേതം ഒരുക്കുന്നു. ഗ്രീൻ വാലിയിൽ നിന്ന് വെറും 2.3 കിലോമീറ്റർ അകലെയാണ് റിസർവ് ഫോറസ്റ്റ് സാങ്ച്വറി സ്ഥിതിചെയുന്നത്.
ജഖൂ മലനിരകൾ: നഗര ജീവിതത്തിൽ നിന്ന് മാറി വിശ്രമിക്കാനും ഇന്ദ്രിയങ്ങളെ ശാന്തമാക്കാനും അനുയോജ്യമായ ഒരു താവളമാണ് ജഖൂ കുന്ന്. മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളുടെ കാഴ്ചകൾ ആസ്വദിച്ച് കൊണ്ട് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്നു. ജഖൂ മലനിരകളിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രീൻ വാലിയിൽ എത്തിച്ചേരുവാൻ സാധിക്കുന്നതാണ്.
ഗ്രീൻ വാലിയിൽ എങ്ങനെ എത്തിച്ചേരാം
ഷിംലയിൽ നിന്ന് 10 കിലോമീറ്ററും, കുഫ്രിയിൽ നിന്നും 6 കിലോമീറ്റർ അകലെയുമാണ് ഗ്രീൻ വാലി സ്ഥിതിചെയ്യുന്നത്. ഷിംല റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രീൻ വാലിയിൽ എത്തിച്ചേരുവാൻ കഴിയും. ഷിംല എയർപോർട്ട് മുഖാന്തരവും ഇവിടെ എത്തിച്ചേരുവാൻ സാധിക്കുന്നതാണ്. എന്നാൽ വിമാനത്താവളത്തിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേയുള്ളൂ, ഡൽഹി, ചണ്ഡീഗഡ്, കുളു തുടങ്ങിയ ചില നഗരങ്ങളുമായി മാത്രമേ ഇത് ബന്ധിപ്പിച്ചിട്ടുള്ളൂ.
ഗ്രീൻ വാലി സന്ദർശിക്കേണ്ട സമയം
വർഷം മുഴുവനും സുഖകരവും മിതമായതുമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ, വർഷത്തിൽ ഏത് സമയത്തും നിങ്ങൾക്ക് ഷിംലയിലെ ഗ്രീൻ വാലി സന്ദർശിക്കാവുന്നതാണ്. എന്നിരുന്നാലും, താഴ്‌വര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നിങ്ങളുടെ മുൻഗണനയെയും സന്ദർശന ലക്ഷ്യത്തെയും ആശ്രയിച്ചിരിക്കും. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയും ജൂലൈ മുതൽ ഒക്ടോബർ വരെയുമാണ് ഈ മനോഹരമായ താഴ്‌വര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.