സംക്രാന്തി ദിനത്തിൽ കോഴിപ്പോര് പിടിക്കാൻ എ.ഐ ഡ്രോൺ | A I Drone
വിജയവാഡ: മകര സംക്രാന്തി ദിനത്തിൽ കോഴിപ്പോര് നടത്തുന്ന ഇടങ്ങളിൽ എ.ഐ. ഡ്രോൺ പ്രയോഗിക്കാനൊരുങ്ങി ആന്ധ്രാ പൊലീസ്(A I Drone). 2016 ലാണ് സംസ്ഥാനത്ത് കോഴിപ്പോര് നിരോധിച്ചത്.
പൊങ്കലും മകര സംക്രാന്തിയും അനുബന്ധിച്ച് കോഴിപ്പോര് നടത്തുന്നതിന് സംസ്ഥാനത്ത് വിലക്കുണ്ട്. എന്നാൽ കൃഷ്ണ, എൻ.ടി.ആർ, എലൂരു, ഗോദാവരി ജില്ലകളിൽ രഹസ്യമായി കോഴിപ്പോര് നടത്താറുണ്ട്. ഇതിനു തടയിടാൻ പരിശോധനകൾ ശക്തമാക്കാനും നൂതന സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ച് തടയാനും ഡി.ജി.പി സി.എച്ച് ദ്വാരക തിരുമല റാവു സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകി.
ഇതിനായി ഹൈ ക്വാളിറ്റിയുള്ള 130 ഡ്രോണുകളാണ് പൊലീസ് രംഗത്തിറക്കിയിരിക്കുന്നത്. പൊലീസുകാർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഡ്രോൺ പെട്രോളിംഗ് സജീവമാക്കും. പണം വച്ച് നടക്കുന്ന കോഴിപ്പോര് പലപ്പോഴും അക്രമ സംഭവങ്ങളിലേക്ക് നയിക്കുന്നതായാണ് പൊലീസിന് തലവേദനയുണ്ടാക്കുന്നത്.