ജയ്‌പൂർ: ജോലിക്കെത്താതെ രണ്ട് വർഷത്തിനുള്ളിൽ രാജസ്ഥാനിൽ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ 37.54 ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റിയത് വൻ വിവാദമാകുന്നു. സർക്കാർ ടെൻഡർ ലഭിക്കുന്നതിന് പകരമായി രണ്ട് സ്വകാര്യ കമ്പനികളുടെ വ്യാജ ജീവനക്കാരിയായി ലിസ്റ്റ് ചെയ്യപ്പെട്ടാണ് ഈ വൻ തുക ഉദ്യോഗസ്ഥന്റെ ഭാര്യ കൈക്കലാക്കിയത്. രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ ഒരു ഹർജിയിലൂടെയാണ് ഈ കൂട്ടായ അഴിമതി പുറത്തുവന്നത്.(A huge fraud was committed in the name of a high-ranking official's wife in Rajasthan)
സംസ്ഥാന സർക്കാർ വകുപ്പായ രാജ്‌കോംപ് ഇൻഫോ സർവീസസിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം ജോയിന്റ് ഡയറക്ടറായ പ്രദ്യുമൻ ദീക്ഷിതാണ് തൻ്റെ ഭാര്യ പൂനം ദീക്ഷിതിൻ്റെ പേരിൽ നിയമവിരുദ്ധമായി പണം കൈപ്പറ്റിയത്. സർക്കാർ ടെൻഡറുകൾ ലഭിച്ച ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികളിലാണ് പൂനം ദീക്ഷിതിനെ വ്യാജമായി നിയമിച്ചത്.
ടെൻഡർ പാസാക്കി നൽകുന്നതിന് പ്രതിഫലമായി, പ്രദ്യുമൻ ദീക്ഷിത് ഈ കമ്പനികളോട് തൻ്റെ ഭാര്യയെ ജോലിക്കെടുക്കാനും മാസം തോറും ശമ്പളം നൽകാനും നിർദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് അഴിമതി വിരുദ്ധ ബ്യൂറോ (ACB) ഈ വർഷം ജൂലൈ മൂന്നിന് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പൂനം ദീക്ഷിതിൻ്റെ അഞ്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ കമ്പനികൾ പണം കൈമാറ്റം ചെയ്തു. ഇങ്ങനെ 'ശമ്പളം' എന്ന പേരിൽ നൽകിയ മൊത്തം തുക 37,54,405 രൂപയാണ്. ഈ മുഴുവൻ കാലയളവിലും പൂനം ദീക്ഷിത് ഈ രണ്ട് കമ്പനികളുടെ ഓഫീസുകളിലും ഒരിക്കൽ പോലും ജോലിക്കായി പോയിരുന്നില്ല.
പൂനം ദീക്ഷിതിൻ്റെ വ്യാജ ഹാജർ റിപ്പോർട്ടുകൾക്ക് അംഗീകാരം നൽകിയത് ഭർത്താവായ പ്രദ്യുമൻ ദീക്ഷിത് തന്നെയാണ്. പൂനം ദീക്ഷിത് ഒരേ സമയം രണ്ട് കമ്പനികളിൽ നിന്ന് ശമ്പളം കൈപ്പറ്റുകയായിരുന്നു. ഒറിയോൺപ്രോ സൊല്യൂഷൻസിൽ വ്യാജമായി ജോലി ചെയ്യുന്നതിനിടയിൽ, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ നിന്ന് 'ഫ്രീലാൻസിംഗ്' എന്ന പേരിലും അവർക്ക് പണം ലഭിച്ചു. ഈ കാലയളവിൽ രണ്ട് കമ്പനികൾക്കും സർക്കാർ ടെൻഡറുകൾ ലഭിക്കുകയും ചെയ്തിരുന്നു.