തേയിലത്തോട്ടത്തിൽ രാത്രിയിൽ ആനക്കൂട്ടം, ആനക്കൂട്ടത്തെ തന്ത്രപൂർവ്വം ഒഴിവാക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ; വീഡിയോ | Elephants

9:20 ന് ക്യാമറയിൽ ഒരു തേയിലത്തോട്ടത്തിൽ ഒരു ആനക്കൂട്ടം ഒത്തുകൂടുന്നത് കാണാം
ELEPHANTS
Updated on

മനുഷ്യരുമായി സാമൂഹികവും ബുദ്ധിപരവുമായ ഏറ്റവും അടുപ്പമുള്ള ജീവികളിൽ ഒന്നാണ് ആനകൾ. പിടിയാനകളാണ് ഒരോ ആനക്കൂട്ടത്തെയും നിയന്ത്രിക്കുന്നത്. നേതാവായ പിടിയാനയുടെ പിന്നാലെ തങ്ങളുടെ വംശപരമ്പരകൾ നടന്ന വഴിത്താരകളിലൂടെ അവർ ഉൾവിളികളാൽ നടന്നു. എന്നാൽ, മറുവഴിക്ക് മനുഷ്യരുടെ എണ്ണം കൂടുകയും കാടുകൾ പലതും നാടുകളായി മാറുകയും ചെയ്തു. പല ആനത്താരകളും അപ്രത്യക്ഷമായി. പക്ഷേ, അപ്പോഴൊക്കെ ആനകൾ തങ്ങളുടെ ഉൾവിളികളാൽ പഴയ വഴിത്താരകളിലൂടെ നടന്നു. ഇത് ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന് വഴി തെളിച്ചു. അത്തരമൊരു ആന - മനുഷ്യ സംഘർഷത്തെ ഒരു കൂട്ടം വനപാലകർ പരിഹരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. (Elephants)

പർവീൺ കസ്വാൻ ഐഎസ്എഫ് തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. രാത്രിയിൽ ഒരു തേയിലത്തോട്ടത്തിൽ കുട്ടിയാനകൾ അടങ്ങുന്ന ആനക്കൂട്ടം നിൽക്കുന്നിടത്താണ് സിസിടിവി ദൃശ്യങ്ങൾ ആരംഭിക്കുന്നത്. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകളെ ഓടിക്കാൻ തയ്യാറെടുക്കുന്നതും കാണാം. ഗ്രാമത്തിന് സമീപത്തെ തേയിലത്തോട്ടത്തിൽ രാത്രിയിൽ ആനക്കൂട്ടം എത്തിയെന്ന് കാമറയിൽ പതിഞ്ഞയുടെനെ കൺട്രോൾ റൂമിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു. '9:20 ന് ക്യാമറയിൽ ഒരു തേയിലത്തോട്ടത്തിൽ ഒരു ആനക്കൂട്ടം ഒത്തുകൂടുന്നത് കാണാം, അത് ഗ്രാമത്തിലേക്ക് നീങ്ങും. കൺട്രോൾ റൂം ഇത് നിരീക്ഷിച്ചു. അടുത്തുള്ള സംഘത്തിന് സന്ദേശം അയച്ചു. സംഘം ഉടൻ അവിടെയെത്തി ആനകളെ കാട്ടിലേക്ക് തിരികെ കയറ്റിവിട്ടു.' വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീൺ എഴുതി.

ആനകളെ സുരക്ഷിതമായി കാട്ടിലേക്ക് തന്നെ കയറ്റി വിടുന്നതിനായി ആറോളം വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരു മിനി ട്രക്കിൽ തേയിലത്തോട്ടത്തിൽ എത്തുന്നതും വീഡിയോയിൽ കാണാം. ഇത്തരം സംഭവങ്ങൾ പതിവായി സംഭവിക്കാറുണ്ടെന്നും അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സംഘം നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും പ്രവീണ്‍ കൂട്ടിച്ചേർക്കുന്നു. വേഗത്തിലും ഫലപ്രദവുമായി പ്രതികരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. ഉറങ്ങുന്ന ഗ്രാമീണരെയും ഗ്രാമത്തിലേക്ക് ഇറങ്ങാൻ തയ്യാറായി എത്തിയ ആനകളെയും ഉപദ്രവിക്കാതെ ഫലപ്രദമായി കാര്യങ്ങൾ ചെയ്തതിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമ ഉപയോക്താക്കൾ മുക്തകണ്ഠം പ്രശംസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com