
ന്യൂഡൽഹി: സഹൃദയനായ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു വിടവാങ്ങിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. നവ ഉദാരവത്കരണ നയങ്ങളിലൂടെ ഇന്ത്യൻ സാമ്പത്തികരംഗത്തെ പുതിയ യുഗത്തിലേക്ക് പ്രവേശിപ്പിച്ചത് മൻമോഹൻ സിങ്ങാണ്. സാമ്പത്തിക മേഖലയെ കുറിച്ചുള്ള വിപുലമായ അറിവും അനുഭവ സമ്പത്തും അദ്ദേഹത്തെ മികച്ച ആസൂത്രകനാക്കി.
പ്ലാനിംഗ് കമീഷന്‍ മെമ്പര്‍ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, സാമ്പത്തികശാസ്ത്ര പ്രഫസര്‍, ധനകാര്യ മന്ത്രി എന്നിങ്ങനെ പ്രധാനമന്ത്രിയാകുന്നതിന് മുൻപ് തന്നെ നിരവധി സുപ്രധാന ചുമതലകൾ മൻമോഹൻ കൈകാര്യം ചെയ്തു. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്-മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനുമായി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം. ഒട്ടേറെ എതിർപ്പുകൾ മൻമോഹൻ സിങ്ങിന്‍റെ നയങ്ങൾക്കെതിരെ ഉയർന്നെങ്കിലും പിൽക്കാലത്ത് ഈ നയങ്ങളാൽ മൻമോഹൻ സിങ് ഏറെ പ്രശംസിക്കപ്പെട്ടു.