
ബീഹാർ : മറ്റൊരു കരാറുകാരന്റെ ഒപ്പം ജോലിക്ക് പോയതിൽ പ്രകോപിതനായ കോൺട്രാക്ടർ തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. സരനിലെ ഗൗര പോലീസ് സ്റ്റേഷൻ പരിധിയിലെ നർഹാർപൂർ ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളിയായ രാജേന്ദ്ര സാഹയാണ് ക്രൂര മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. രാജേന്ദ്ര സാഹ മറ്റൊരു കരാറുകാരന്റെ ജോലിക്ക് പോയതുമായി ബന്ധപ്പെട്ട തർക്കമാന് കൊലപാതകത്തിൽ കലാശിച്ചത്.
മർദനത്തിനു ശേഷം, തൊഴിലാളിയെ വീട്ടിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ ഉപേക്ഷിച്ച ശേഷം കോൺട്രാക്ടർ കടന്നു കളയുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാർ യുവാവിനെ ഉടൻ ചികിത്സയ്ക്കായി ഛപ്ര സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൂലി ചോദിച്ചപ്പോൾ കരാറുകാരൻ യുവാവിനെ മർദ്ദിച്ചുവെന്നും കൂലി നൽകിയില്ലെന്നും കുടുംബം പറഞ്ഞു.
അതേസമയം, ഈ സംഭവത്തെക്കുറിച്ച് ഗൗര പോലീസ് സ്റ്റേഷനിൽ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും, എങ്കിലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.