
പതിനൊന്നാം നൂറ്റണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ നിർമിക്കപ്പെട്ട അഞ്ച് മനോഹര ജൈന മത ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ് ദിൽവാര ക്ഷേത്രങ്ങൾ (Dilwara Temples). രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് ഈ മനോഹരമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി വളരെ പഴക്കമുള്ള ക്ഷേത്രങ്ങളാണ് ഇവ. അലങ്കരിച്ച മേൽത്തട്ട്, വാതിലുകൾ, തൂണുകൾ, ബീമുകൾ എന്നിവയുൾപ്പെടെ സങ്കിർണമായ വസ്തുവിദ്യയ്ക്ക് പേരുകേട്ട ക്ഷേത്രങ്ങളാണ് ഇവ ഓരോന്നും.
അഞ്ച് ക്ഷേത്രങ്ങളുടെ കൂടിച്ചേരലാണ് ദിൽവാര ക്ഷേത്രം. വിമൽ വസാഹി ക്ഷേത്രം, ലുനാ വസഹി ക്ഷേത്രം, പിത്തൽഹാർ ക്ഷേത്രം, പാർശ്വനാഥ ക്ഷേത്രം, മഹാവീർ സ്വാമി ക്ഷേത്രം എന്നിവയാണ് അഞ്ചു ജൈന ക്ഷേത്രങ്ങൾ. ആദിനാഥനും, നേമിനാഥനുമായി സമർപ്പിച്ചിരിക്കുന്ന വിമൽ വാസഹി, ലുനാ വസഹി എന്നിവയാണ് ക്ഷേത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടവ. വിമൽവാസഹി എന്നത് ജൈന ക്ഷേത്രത്തിലെ പുരാണങ്ങളെ ചിത്രീകരിക്കുന്ന അതിമനോഹരമായ കൊത്തുപണികളാൽ നിർമ്മിക്കപ്പെട്ട മധ്യ താഴികകുടമാണ്. "ലുനാവസഹി ക്ഷേത്രം" വിശദമായ മാർബിൾ ശില്പങ്ങൾക്കും, അതിശയകരമായ പുഷ്പങ്ങളുടെ മാതൃകയിൽ കൊത്തുപണികൾ ഉൾകൊള്ളുന്ന മധ്യതാഴികകുടമാണ്. ഈ ക്ഷേത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നത് ഭഗവൻ നേമിനാഥനാണ്. പിത്തൽഹാർ ക്ഷേത്രം മാർബിൾ ക്ഷേത്രത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ ഋഷഭദേവന്റെ പ്രധാന വിഗ്രഹത്തെ പിച്ചളയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങളിൽ തന്നെ ഏറ്റവും വലുത് പാർശ്വനാഥ ക്ഷേത്രമാണ്, 23 മത് ജൈന തീർത്ഥങ്കരനായ പാർശ്വനാഥന്റെ നാലു മുഖങ്ങളുള്ള പ്രതിമയും അതിശയിപ്പിക്കുന്ന കറുത്ത മാർബിൾ തൂണുകളുമാണ് ഇവിടത്തെ പ്രത്യേകത. ഭഗവാൻ മഹാവീരനായി സമർപ്പിച്ചിട്ടുള്ള ക്ഷേത്രമാണ് മഹാവീര സ്വാമി ക്ഷേത്രം അനേകം സങ്കിർണവും മനോഹരവുമായ ചുമർചിത്രംങ്ങൾക്ക് പേരുകേട്ട ചെറിയ ക്ഷേത്രമാണ് ഇവിടം.
എല്ലാ ദിവസങ്ങളും ക്ഷേത്രങ്ങളിൽ ആരാധനകളും പൂജകളും നടന്നുവരാറുണ്ട്. ക്ഷേത്രത്തിലേക്കുള്ള സന്ദർശന സമയം രാവിലെ 6 മണിമുതൽ ഉച്ചക്ക് 12 മാണി വരെയും, വൈകുന്നേരങ്ങളിൽ 3 മണിമുതൽ 6 മാണി വരെയുമാണ്. ക്ഷേത്ര സന്ദർശനത്തിൻ അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഒരോ മാസങ്ങളിലും വ്യത്യസ്തമായ താപനിലയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്, മാർച്ച് മുതൽ ജൂൺ വരെ 23 മുതൽ 34 ഡിഗ്രി വരെയാണ് താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്. ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും ഉത്തമം വൈകുന്നേരങ്ങളാണ്, പകൽ സമയങ്ങളിൽ ചൂട് അധികമാണ്.
ഒക്ടോബർ മുതൽ നവംബർ വരെ താപനില 15 മുതൽ 25 ഡിഗ്രി വരെയായിരിക്കും, ക്ഷേത്ര സന്ദർശനത്തിനായി വളരെ അനുയോജ്യമായ കാലാവസ്ഥയാണിത്. ഡിസംബർ മുതൽ ഫെബ്രുവരി മാസങ്ങളിൽ 12 മുതൽ 22 ഡിഗ്രി വരെയാണ് താപനില, ഈ സമയങ്ങളിൽ തണുപ്പ് അധികമായ അനുഭവപ്പെടുന്നു പ്രത്യേകിച്ച പുലർച്ചകളിലും രാത്രികാലങ്ങളിലും. വനപ്രദേശമായ കുന്നുകളുടെ നടുവിലാണ് ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത് സന്ദർശകർക്ക് ഏറെ ഇഷ്ടപ്പെടുന്നത് ക്ഷേത്രത്തിന്റെ പുറം ഭാഗമാണ്. ക്ഷേത്രത്തിന്റെ ഉൾഭാഗത്തേക്കാൾ ഭംഗി പുറം ഭാഗത്തിനാണ്. ആരുടെയും കണ്ണിനെ ആകർഷിക്കുന്ന രീതിയിലാണ് ക്ഷേത്രങ്ങൾ പണിതീർത്തിരിക്കുന്നത്.