

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്കൂളിന് സമീപത്തുനിന്ന് അതിതീവ്ര സ്ഫോടനശേഷിയുള്ള ജെലാറ്റിൻ സ്റ്റിക്കുകളുടെ വൻ ശേഖരം കണ്ടെത്തി. സൾട്ട് മേഖലയിലെ ഒരു കുറ്റിക്കാട്ടിൽ നിന്ന് 20 കിലോയിലധികം ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ദബാര ഗ്രാമത്തിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.സ്കൂൾ പ്രിൻസിപ്പൽ സുഭാഷ് സിങ്ങാണ് സംശയാസ്പദമായ പാക്കറ്റുകൾ ആദ്യം കണ്ടത്. തുടർന്ന് അദ്ദേഹം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.രണ്ട് പോലീസ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. ഉദംസിങ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്ന് ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചു.ബോംബ് സ്ക്വാഡ് പാക്കറ്റുകൾ ശേഖരിച്ച് സീൽ ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ഡൽഹി സ്ഫോടനത്തെ തുടർന്ന് ഹരിയാണയിൽ നിന്ന് 3,000 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ഇതോടെ അൽമോറ ജില്ലയിൽ പോലീസ് ജാഗ്രത ശക്തമാക്കി.