ന്യൂഡൽഹി: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദേശീയ യുദ്ധസ്മാരകത്തിൽ തുടക്കമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും സേനാ മേധാവികൾക്കുമൊപ്പമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരരക്തസാക്ഷികൾക്ക് പുഷ്പചക്രമർപ്പിച്ചു.(77th Republic Day, PM Modi pays tributes at War Memorial, begins celebrations)
സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. യുദ്ധസ്മാരകത്തിലെ ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശം രേഖപ്പെടുത്തിയ ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിലെത്തിയത്.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുടെ സാന്നിധ്യത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തിയത്. കർത്തവ്യപഥിൽ സൈനിക-സാംസ്കാരിക പരേഡ് നടന്നു. കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയമാക്കിയ ടാബ്ലോ ഉൾപ്പെടെ 30 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരക്കുന്നത്.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ ഉൾപ്പെടെ പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലും തന്റെ തനതായ 'തലപ്പാവ്' ശൈലി പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ചുവപ്പും മഞ്ഞയും പച്ചയും കലർന്ന, സ്വർണ്ണവർണ്ണത്തിലുള്ള ഡിസൈനുകളോട് കൂടിയ രാജസ്ഥാനി ബന്ധേജി സഫയാണ് അദ്ദേഹം അണിഞ്ഞത്. രാജ്യത്തിന്റെ വൈവിധ്യത്തെയും കരുത്തിനെയും പ്രതിനിധീകരിക്കുന്ന ഈ തലപ്പാവ് കാണികളുടെയും മാധ്യമങ്ങളുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
രാജസ്ഥാനി ടൈ-ആൻഡ്-ഡൈ കലയിൽ തീർത്ത മൾട്ടി-കളർ സഫ. ഇതിന് തോളിലൂടെ നീട്ടിയിട്ട ഒരു വലിയ വാലുണ്ട്. ഡാർക്ക് നേവി ബ്ലൂ കുർത്തയും വെള്ള പൈജാമയും, അതിന് മുകളിൽ ഇളം നീല നിറത്തിലുള്ള നെഹ്‌റു ജാക്കറ്റും. 2014-ൽ അധികാരമേറ്റത് മുതൽ ദേശീയ ദിനങ്ങളിൽ വ്യത്യസ്തമായ പ്രാദേശിക തലപ്പാവുകൾ ധരിക്കുന്നത് മോദിയുടെ പതിവാണ്.
ഇത്തവണത്തെ പരേഡിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പ്രദർശനം 'ഓപ്പറേഷൻ സിന്ദൂർ' ആധാരമാക്കിയുള്ളതായിരുന്നു. കഴിഞ്ഞ വർഷം ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ നിർണ്ണായക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതിൽ പങ്കെടുത്ത റാഫേൽ യുദ്ധവിമാനങ്ങൾ, ബ്രഹ്മോസ് മിസൈലുകൾ, എസ്-400 മിസൈൽ പ്രതിരോധ സംവിധാനം എന്നിവയുടെ മാതൃകകൾ പരേഡിൽ അണിനിരന്നു. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ഏകോപനം വ്യക്തമാക്കുന്ന പ്രത്യേക ടാബ്ലോയും ശ്രദ്ധേയമായി.
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന തീം ആയിരുന്നു. ഇതിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ വിവിധ ആവിഷ്കാരങ്ങളും സാംസ്കാരിക കലാപരിപാടികളും കർത്തവ്യപഥിൽ അരങ്ങേറി.