

ന്യൂഡൽഹി: അമേരിക്കൻ ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ചുമത്തുന്ന ഉയർന്ന താരിഫ് നിരക്കുകൾ ഇന്ത്യൻ കമ്പനികളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ശശി തരൂർ. റഷ്യൻ, ഇറാൻ ബന്ധങ്ങളുടെ പേരിൽ ഘട്ടംഘട്ടമായി വർധിപ്പിച്ച താരിഫ് ഇപ്പോൾ 75 ശതമാനത്തിൽ എത്തിനിൽക്കുന്നത് വ്യാപാര ബന്ധം അസാധ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(75 percent tariff, Indian exports in crisis, says Shashi Tharoor)
ഇന്ത്യയ്ക്ക് ആദ്യഘട്ടത്തിൽ 25 ശതമാനം താരിഫാണ് അമേരിക്ക ചുമത്തിയത്. പിന്നീട് റഷ്യൻ ഉപരോധങ്ങളുടെ പേരിൽ ഇത് വർധിപ്പിക്കുകയും ഇപ്പോൾ ഇറാൻ ബന്ധത്തിന്റെ പേരിൽ വീണ്ടും 25 ശതമാനം കൂടി ചേർത്തതോടെ ആകെ താരിഫ് 75 ശതമാനമായി ഉയരുകയും ചെയ്തു.
ഏഷ്യയിലെ മറ്റ് രാജ്യങ്ങളായ വിയറ്റ്‌നാം, തായ്‌ലൻഡ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർക്ക് 15 മുതൽ 19 ശതമാനം വരെ മാത്രമാണ് താരിഫ്. ഇന്ത്യയ്ക്ക് മേൽ ചുമത്തുന്ന ഈ വലിയ വ്യത്യാസം വിപണിയിലെ മത്സരത്തെ ബാധിക്കും. 75 ശതമാനം താരിഫ് ചുമത്തുന്നതോടെ മരുന്ന് പോലുള്ള അവശ്യ ഉൽപ്പന്നങ്ങൾ മാത്രമേ അമേരിക്കയിലേക്ക് കയറ്റി അയക്കാൻ കഴിയൂ എന്ന സാഹചര്യം വരും. ഇത് ഇന്ത്യൻ നിർമ്മാണ മേഖലയെ തളർത്തും.
വിഷയം അതീവ ഗൗരവകരമാണെന്നും പുതിയ യു.എസ് അംബാസഡറുമായുള്ള ചർച്ചകളിലൂടെ വ്യാപാര കരാറിൽ അനുകൂലമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും തരൂർ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ ഈ പ്രതിസന്ധി മറികടക്കാൻ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.