സൂറത്ത്: ഏഴ് വയസ് മാത്രം പ്രായമുള്ള മകൾ ജൈന സന്യാസിനി ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങുന്നതിനെ തുടർന്ന്, കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഗുജറാത്തിലെ പ്രമുഖ വ്യാപാരി കുടുംബ കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത മകളെ സന്യാസം സ്വീകരിക്കുന്നതിൽ നിന്ന് തടയണമെന്നും, അവർക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ തന്നെ അനുവദിക്കണമെന്നുമാണ് സൂറത്തിലെ ഓഹരി വിപണി വ്യാപാരിയായ സമീർ ഷാ കോടതിയിൽ ആവശ്യപ്പെട്ടത്.(7-year-old girl prepares for monastic initiation, father moves court seeking custody of children)
സമീർ ഷായും ഭാര്യയും നിലവിൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്. അഞ്ച് വയസുള്ള മകനും ഏഴ് വയസുള്ള മകളും ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും ഭാര്യക്കൊപ്പമാണ് താമസിച്ചിരുന്നത്. ജൈന വിശ്വാസിയായ സമീർ ഷാ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് കുടുംബ കോടതിയിൽ ഹർജി നൽകി. തനിക്ക് സാമ്പത്തിക സ്ഥിരതയുണ്ടെന്നും മക്കൾക്ക് നല്ല ഭാവി ഒരുക്കാൻ കഴിവുണ്ടെന്നും ചൊവ്വാഴ്ച ഇദ്ദേഹം കോടതിയെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത മകൾ സന്യാസം സ്വീകരിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അഡാജാൻ സ്വദേശിയായ സമീർ ഷാ 2012-ലാണ് വിവാഹിതനായത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് 2024 ഏപ്രിലിൽ ഭാര്യ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി, സൂറത്തിലെ നാൻപുരയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ജൈന വിഭാഗത്തിലുള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഏഴ് വയസുകാരിയായ മകൾ 2026 ഫെബ്രുവരിയിൽ സന്യാസിനി ദീക്ഷ സ്വീകരിക്കാൻ പോകുന്നുവെന്ന വിവരം സമീർ ഷാ അറിഞ്ഞത്. ദീക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തന്നോട് അനുവാദം തേടിയിട്ടില്ലെന്ന് സമീർ ഷാ ഹർജിയിൽ വിശദീകരിച്ചു.
കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ തുടരാൻ ഭാര്യയ്ക്ക് താൽപര്യമില്ലാത്തതാണ് കുടുംബ പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഇയാൾ ആരോപിക്കുന്നു. നിലവിൽ ഭാര്യയും മക്കളും പൂർണമായി ആശ്രയിക്കുന്നത് അവരുടെ സഹോദരനെയാണെന്നും, മകളെ സന്യാസിനി ആക്കാൻ കുടുംബമാണ് താൽപര്യപ്പെടുന്നതെന്നുമാണ് കസ്റ്റഡി അപേക്ഷയിൽ സമീർ ഷാ ഉന്നയിക്കുന്ന പ്രധാന വാദം.
സാമ്പത്തിക പരാധീനത മൂലമാണ് മകൾക്ക് ഇത്ര ചെറിയ പ്രായത്തിൽ സന്യാസിനിയാകാൻ സമ്മർദ്ദം നേരിടേണ്ടി വരുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്. മകളുടെ ദീക്ഷാ ചടങ്ങ് നടത്തരുതെന്ന് ഭാര്യയുടെ മാതാപിതാക്കളോടും ജൈന വിഭാഗത്തിലെ മുതിർന്നവരോടും ആവശ്യപ്പെട്ടെങ്കിലും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. ഭാര്യയുമായി ഫോണിലും നേരിട്ടും സംസാരിക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും യുവാവ് ഹർജിയിൽ വ്യക്തമാക്കി.