കളിക്കിടെ കാറിനകത്ത് കുടുങ്ങി: 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | Car

ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി മുത്തശ്ശിയുടെ വീട്ടിൽ പോയതായിരുന്നു ഷൺമുഖവേൽ
7-year-old boy dies of suffocation after being trapped inside a car while playing
Published on

ചെന്നൈ: മധുരയ്ക്ക് സമീപം തിരുമംഗലം നടക്കോട്ട ഗ്രാമത്തിൽ കളിക്കുന്നതിനിടെ കാറിനകത്ത് കുടുങ്ങിയ ഏഴു വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. തിരുമംഗലം നടക്കോട്ട ഗ്രാമത്തിലെ കവിതയുടെ മകൻ ഷൺമുഖവേലാണ് ദാരുണമായി മരിച്ചത്.(7-year-old boy dies of suffocation after being trapped inside a car while playing )

ശനിയാഴ്ച രാത്രി മേലാപ്പെട്ടിയിൽ നിർത്തിയിട്ടിരുന്ന കാറിനകത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കാറിനുള്ളിൽ കുടുങ്ങുകയും വാതിൽ തുറക്കാൻ സാധിക്കാതെ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച അമ്മയോടൊപ്പം ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി മേലാപ്പെട്ടിയിലെ മുത്തശ്ശിയുടെ വീട്ടിൽ പോയതായിരുന്നു ഷൺമുഖവേൽ. വൈകീട്ട് കളിക്കാൻ പുറത്തുപോയ കുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് സമീപപ്രദേശങ്ങളിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

വെള്ളിയാഴ്ചയായിട്ടും കുട്ടിയെ കാണാതായതോടെ പേരയൂർ പോലീസിൽ പരാതി നൽകുകയും പോലീസ് തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. വിരുദുനഗർ സ്വദേശിയായ ഒരു ഡോക്ടർ ശനിയാഴ്ച രാത്രി ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങിപ്പോകാൻ കാർ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അകത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിനുള്ളിൽനിന്ന് പുറത്തുവരാനാവാതെ ഷൺമുഖവേൽ ഗ്ലാസിൽ ഇടിച്ച് ശബ്ദമുണ്ടാക്കി വഴിയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചതിന്‍റെ ലക്ഷണങ്ങൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. എന്നാൽ, ക്ഷേത്രത്തിലെ വാദ്യമേളങ്ങൾക്കിടയിൽ കുട്ടിയുടെ ശബ്ദം പുറത്താരും കേൾക്കാതെ പോയതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മധുര സർക്കാർ രാജാജി ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com