ന്യൂഡൽഹി : ലോക്പാൽ അംഗങ്ങൾക്ക് സഞ്ചരിക്കാനായി ആഡംബര കാറുകൾ വാങ്ങാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. 7 ലോക്പാൽ അംഗങ്ങൾക്കായി 7 ബിഎംഡബ്ല്യു 3 സീരീസ് കാറുകൾ വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഒരു കാറിന് 70 ലക്ഷത്തിലധികം രൂപ വിലവരും. രണ്ടാഴ്ചയ്ക്കകം കാറുകൾ വിതരണം ചെയ്യണമെന്ന നിർദേശത്തോടെയാണ് ടെൻഡർ പ്രസിദ്ധീകരിച്ചത്.(7-member Lokpal floats tender for 7 BMW cars)
കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് ഈ വിഷയത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചു. "കോൺഗ്രസിനെ താഴെയിറക്കാൻ മാത്രം രൂപീകരിച്ച ലോക്പാൽ ഇന്ന് കടലാസിലൊതുങ്ങിയിരിക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് രസിക്കുകയാണ്," അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
സുപ്രീം കോടതി ജഡ്ജിമാർ സാധാരണ കാറുകൾ ഉപയോഗിക്കുമ്പോൾ ലോക്പാൽ അംഗങ്ങൾക്ക് എന്തിനാണ് ബിഎംഡബ്ല്യു എന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം ചോദ്യമുയർത്തി. "ചില അംഗങ്ങളെങ്കിലും ഈ ആഢംബര കാറുകൾ നിരസിക്കുമെന്ന് കരുതുന്നു," എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.