Tiger : 'കടുവയെവിടെ ?': രോഷാകുലരായ ഗ്രാമവാസികൾ 7 വനംവകുപ്പ് ഉദ്യോഗസ്ഥരെ കടുവ കൂട്ടിൽ പൂട്ടിയിട്ടു
ബെംഗളൂരു : കർണാടകയിലെ വനമേഖലയിലെ കൂറ്റൻ കൂട്ടിനു ചുറ്റും ഒരു സംഘം ആളുകൾ കൂട്ടം കൂടി നിൽക്കുകയാണ്. എന്തോ വലിയ ജീവി കുടുങ്ങിയെന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റിപ്പോയി, ഏഴോളം ആളുകൾ ആണ് ഇതിൽ ഉണ്ടായിരുന്നത്. വനംവകുപ്പ് ജീവനക്കാരാണ് അവർ.(7 Forest Officials Locked Up In Tiger Cage By Angry Karnataka Villagers)
ഗുണ്ട്ലുപേട്ട് താലൂക്കിലെ ബൊമ്മലാപുരയിലെ രോഷാകുലരായ ഗ്രാമവാസികൾ ഇവരെ കടുവ കെണി കൂട്ടിനുള്ളിൽ പൂട്ടിയിട്ടു. ബന്ദിപ്പൂർ ബഫർ സോണിൽ കന്നുകാലികളെയും മനുഷ്യരെപ്പോലും വന്യമൃഗങ്ങൾ ആക്രമിക്കുന്നതിൽ മനംനൊന്ത് വനംവകുപ്പിലെ ഗാർഡുകളും വാച്ചർമാരും ഉൾപ്പെടെ ഏഴ് ജീവനക്കാരെ അവർ പൂട്ടിയിട്ടു.
പലതവണ പരാതി നൽകിയിട്ടും മൃഗങ്ങളെ പിടികൂടുന്നതിനോ കന്നുകാലികൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനോ വനംവകുപ്പ് പരാജയപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു. നിരാശരായ ഗ്രാമീണർ ഇന്ന് നാടകീയമായ നീക്കത്തിലേക്ക് നീങ്ങി. കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ തന്നെ പ്രദേശത്ത് എത്തിയ വനപാലകരെ ബലം പ്രയോഗിച്ച് കയറ്റി.
കർഷക നേതാവ് ഹൊന്നൂർ പ്രകാശിൻ്റെ നേതൃത്വത്തിൽ, ചത്ത കന്നുകാലികൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും കടുവയെ പിടികൂടാൻ വേഗത്തിലുള്ള നടപടി വേണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു.