
പാറ്റ്ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് ആറ് പേർ മരിച്ചു. 14 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സിവാൻ, സരൺ ജില്ലകളിലാണ് സംഭവം നടന്നത്. സിവാനിൽ നാല് പേരും സരണിൽ രണ്ട് പേരുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇവർ വ്യാജമദ്യം കഴിച്ചിരുന്നുവെന്നും തുടർന്നാണ് ആരോഗ്യാവസ്ഥ ഗുരുതരമായതെന്നും ഗ്രാമവാസികൾ ആരോപിച്ചു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകു എന്ന് സിവാൻ ജില്ലാ മജിസ്ട്രേറ്റ് മുകുൾ കുമാർ ഗുപ്ത പറഞ്ഞു. സംഭവത്തിൽ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.