ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന ഭീകരപദ്ധതിയുടെ വിശദാംശങ്ങൾ കണ്ടെത്തി. ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള ഡോക്ടർമാർ ഉൾപ്പെട്ട ഭീകരസംഘടന, ഡിസംബർ 6 ന് ദേശീയ തലസ്ഥാന മേഖലയിലെ (എൻ.സി.ആർ.) ആറ് സ്ഥലങ്ങളിൽ ഏകോപിത സ്ഫോടനങ്ങൾ നടത്താൻ ആസൂത്രണം ചെയ്തിരുന്നു.(6 Blasts In Delhi NCR On December 6, the Babri Revenge Plan)
സ്ഫോടനങ്ങൾക്കായി തിരഞ്ഞെടുത്ത തീയതി അതീവ ഗൗരവതരമാണ്. 1992-ൽ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ ദിവസമായിരുന്നു ഡിസംബർ 6. "ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരം ചെയ്യാൻ" ആഗ്രഹിച്ചതിനാലാണ് അറസ്റ്റിലായ ഭീകരർ ഈ തീയതി തിരഞ്ഞെടുത്തതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
ജയ്‌ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹർ വർഷങ്ങളായി തന്റെ കോളങ്ങളിലൂടെ അയോധ്യയെ ലക്ഷ്യമിടുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ദേശീയ തലസ്ഥാന മേഖലയിൽ സ്ഫോടന പരമ്പരകൾ നടത്താൻ ഭീകരസംഘടനയിലെ അംഗങ്ങൾ ഘട്ടം ഘട്ടമായുള്ള പദ്ധതി തയ്യാറാക്കിയതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഉദ്യോഗസ്ഥർ പങ്കുവെച്ചത് അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിയാണ്,
ഘട്ടം 1: ജെയ്‌ഷെ-മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ഭീകര സംഘടനയുടെ രൂപീകരണം.
ഘട്ടം 2: ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കൾ (ഐ.ഇ.ഡി.കൾ) കൂട്ടിച്ചേർക്കുന്നതിനും വെടിമരുന്ന് ശേഖരിക്കുന്നതിനുമുള്ള അസംസ്‌കൃത വസ്തുക്കൾ ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്ന് സംഭരിക്കുക.
ഘട്ടം 3: മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഐ.ഇ.ഡി.കളുടെ നിർമ്മാണവും സ്ഫോടനം നടത്താൻ സാധ്യതയുള്ള ലക്ഷ്യസ്ഥാനങ്ങളുടെ നിരീക്ഷണവും.
ഘട്ടം 4: നിരീക്ഷണത്തിന് ശേഷം അസംബിൾ ചെയ്ത ബോംബുകൾ മൊഡ്യൂളിലെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുക.
ഘട്ടം 5 (അവസാനം): ഡൽഹിയിലെ ആറ് മുതൽ ഏഴ് വരെ സ്ഥലങ്ങളിൽ ഏകോപിത ബോംബാക്രമണങ്ങൾ നടത്തുക.
ഈ വർഷം ഓഗസ്റ്റിൽ ആക്രമണങ്ങൾ നടത്താനായിരുന്നു യഥാർത്ഥ പദ്ധതി. എന്നാൽ പ്രവർത്തന കാലതാമസത്തെ തുടർന്നാണ് പുതിയ തീയതിയായി ഡിസംബർ 6 തിരഞ്ഞെടുത്തത്. അന്വേഷണ സംഘം സുപ്രധാന വിവരങ്ങൾ കണ്ടെത്തി. കേസിലെ മുഖ്യപ്രതികളായ ഡോ. ഉമറിൻ്റെയും മുസമിലിൻ്റെയും മുറികളിൽ നിന്ന് ഇവർ ഉപയോഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും എൻ.ഐ.എ. പിടിച്ചെടുത്തു. അൽഫല സർവകലാശാലയിലെ ഡോക്ടർമാരുടെ മുറികളിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
ഡയറിയിലെ വിവരങ്ങൾ ആസൂത്രിതമായ ഭീകരാക്രമണ പദ്ധതികളെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്. നവംബർ 8 മുതൽ 12 വരെയുള്ള തീയതികളിലെ കോഡ് ചെയ്ത വിവരങ്ങളും ഡയറിയിൽ നിന്ന് കണ്ടെത്തി. ഇത് ആക്രമണത്തിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് നിഗമനം.
ജമ്മു കശ്മീർ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 25 ഓളം പേരുടെ പേരുകൾ ഡയറിയിൽ എഴുതിയിരുന്നു. ഇവർക്ക് ഭീകര ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പിടിയിലായ ഡോക്ടർമാരുൾപ്പെടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനത്തിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്ന കശ്മീരി ഡോക്ടറായ ഡോ. ഉമർ ഉൻ-നബി ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഫരീദാബാദിൽ നടന്ന റെയ്ഡുകളിൽ 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് (സ്‌ഫോടകവസ്തു) കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടർമാരായ മുസമ്മിൽ ഷെയ്ക്, ഷഹീൻ സയീദ് എന്നിവർ അറസ്റ്റിലായത്. ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ജെയ്‌ഷെ പുതുതായി രൂപീകരിച്ച ഭീകര സംഘടനയിലെ അംഗങ്ങളാണ് ഈ ഡോക്ടർമാർ എന്ന് സംശയിക്കുന്നു. തൻ്റെ കൂട്ടാളികൾ അറസ്റ്റിലായതിലുള്ള പരിഭ്രാന്തി കാരണമാണ് ഉമർ നിരാശയോടെ കാർ സ്ഫോടനം നടത്തിയതെന്നും, വലിയ ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
രണ്ടംഗങ്ങൾ വീതമുള്ള നാല് സംഘങ്ങളായി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി 'സിഗ്നൽ' ആപ്പ് വഴിയാണ് ഭീകരർ ആശയവിനിമയം നടത്തിയിരുന്നതെന്നും പോലീസ് അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷണം ഊർജിതമാക്കുകയും കൂടുതൽ പേർക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സമാനമായ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20, പിന്നീട് കണ്ടെത്തിയ എക്കോസ്പോർട്ട് കാറുകൾക്ക് പുറമെ, രണ്ട് വാഹനങ്ങൾ കൂടി സംഘം വാങ്ങിയതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് നിഗമനം. ഈ രണ്ട് കാറുകൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ഹരിയാനയിൽ നിന്ന് ഫരീദാബാദ് പോലീസ് കണ്ടെത്തിയ ചുവന്ന എക്കോ സ്പോർട്ട് കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതായി സൂചനയുണ്ട്. അമോണിയം നൈട്രേറ്റ് കടത്താൻ ഈ കാർ ഉപയോഗിച്ചു എന്നാണ് പ്രാഥമിക നിഗമനം.
കേസുമായി ബന്ധപ്പെട്ട് കാൺപൂരിൽ നിന്ന് അനന്ത്‌നാഗ് സ്വദേശി മുഹമ്മദ് ആരിഫ് എന്ന ഒരു ഡോക്ടറെക്കൂടി എൻ.ഐ.എ. കസ്റ്റഡിയിലെടുത്തു. ഇതോടെ, ഈ കേസിൽ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. നേരത്തെ പിടിയിലായ പർവ്വേസിനെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്.
ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി സംസാരിച്ചിരുന്നതായാണ് വിവരം. കാർ ഓടിച്ചിരുന്നത് പുൽവാമ സ്വദേശി ഡോ. ഉമർ തന്നെയെന്ന് ഡി.എൻ.എ. പരിശോധനാ ഫലം സ്ഥിരീകരിച്ചിരുന്നു. കശ്മീരിൽ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക് പ്രതിയായ മുസമിലിൻ്റെ സുഹൃത്താണ്. ഉമർ വാങ്ങിയ ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുസമീൽ ആയിരുന്നു. വലിയ ആക്രമണത്തെക്കുറിച്ച് ഉമർ എപ്പോഴും സംസാരിച്ചിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ പറയുന്നു.
ഉമറും കൂട്ടാളികളും യഥാർത്ഥത്തിൽ ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ ഈ നീക്കത്തെ 'ഭീകര നീക്കം' എന്ന് നിഗമനത്തിലെത്തിയത്. സ്ഫോടനത്തിനു മുൻപ് ഡോക്ടർ ഉമർ ഓൾഡ് ഡൽഹിയിൽ എത്തിയിരുന്നതായി വിവരം ലഭിച്ചു. രാംലീല മൈതാനിന് സമീപമുള്ള പള്ളിയിൽ ഉമർ 10 മിനിറ്റ് സമയം ചെലവിട്ടു. ഇവിടെ നിന്ന് രണ്ടരയോടെയാണ് ഉമർ ചെങ്കോട്ടയ്ക്കടുത്തേക്ക് പോയത്. ഉമർ എത്തിയ പള്ളിയിലെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചു കഴിഞ്ഞു. ഇതിനിടെ, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഫോടനം നടന്നതിന് സമീപമുള്ള ലാൽ ഖില മെട്രോ സ്റ്റേഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.