
ബാംഗ്ലൂർ: കർണാടകയിലെ വിജയപുരയിൽ കാനറ ബാങ്കിന്റെ മംഗോളി ശാഖയിൽ നിന്ന് 59 കിലോഗ്രാം സ്വർണം മോഷണം പോയി(Canara Bank). മെയ് 24-25 വാരാന്ത്യത്തിലാണ് സ്വർണം മോഷണം പോയതായാണ് കരുതുന്നത്. മെയ് 24 നാലാമത്തെ ശനിയാഴ്ചയും മെയ് 25 ഞായറാഴ്ചയും ആയതിനാൽ, ബ്രാഞ്ച് അടച്ചിട്ടിരുന്നു.
മെയ് 26 ന് രാവിലെ, പരിസരം വൃത്തിയാക്കാൻ വന്ന പ്യൂൺ ബാങ്കിന്റെ ഷട്ടർ പൂട്ടുകൾ തകർത്തതായി ആദ്യം കണ്ടത്. ഇയാൾ ഉടൻ തന്നെ അധികാരികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാങ്ക് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
മോഷണത്തെ തുടർന്ന് ബ്രാഞ്ച് മാനേജർ പരാതി നൽകിയതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു. വായ്പയ്ക്ക് ഈടായി ഉപഭോക്താക്കൾ പണയം വച്ച സ്വർണ്ണമാണ് മോഷ്ടിച്ചതെന്ന് പോലീസ് സൂപ്രണ്ട് ലക്ഷ്മൺ ബി നിംബർഗി വ്യക്തമാക്കി.