
ന്യൂഡൽഹി: മുംബൈയിൽ 50 വയസുകാരനെ കടുത്ത ലെഡ് വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓർമക്കുറവ്, ക്ഷീണം, കാലുകളിൽ കടുത്ത വേദന തുടങ്ങിയ ലക്ഷണങ്ങളോടെ എത്തിയ ഇയാളെ പരിശോധിച്ചപ്പോൾ കാരണം പ്രഷര്‍ കുക്കറാണെന്ന് കണ്ടെത്തി. ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. വിശാൽ ഗബാലെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിശദമായ പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ വലിയ അളവിൽ ലെഡ് അടങ്ങിയതായി കണ്ടെത്തിയെന്ന് ഡോക്ടർ വിശാൽ വ്യക്തമാക്കുന്നു. "കാര്യം അന്വേഷിച്ചപ്പോഴാണ് പ്രഷര്‍ കുക്കറാണ് പ്രശ്നമെന്ന് കണ്ടെത്തിയത്. രോഗിയുടെ ഭാര്യ കഴിഞ്ഞ 20 വർഷമായി ഭക്ഷണം പാകം ചെയ്യുന്നത് ഒരേ പ്രഷർ കുക്കറിലാണ്. പഴയതും കേടായതുമായ അലുമിനിയം കുക്കറുകൾ അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ, ലെഡ്, അലുമിനിയം കണികകൾ ഭക്ഷണത്തിൽ ലയിക്കുന്നു. കൂടാതെ അതിന്‍റെ അധികഭാഗം ശരീരത്തിൽ ന്യൂറൽ കാൽസ്യം ചാനലുകളെ തടയുകയും തലച്ചോറിന്‍റെ സിഗ്നലുകളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു." ഡോക്ടര്‍ വ്യക്തമാക്കി. രോഗിക്ക് പിന്നീട് ചേലേഷൻ തെറാപ്പി (ശരീരത്തിൽ നിന്ന് അധികം ഇരുമ്പ് നീക്കം ചെയ്യുന്ന പ്രക്രിയ) നൽകി. അതിനു ശേഷം അദ്ദേഹം സുഖം പ്രാപിച്ചതായും ഡോക്ടര്‍ പറഞ്ഞു.
മനുഷ്യ ശരീരത്തിൽ ഈയം മൂലമുണ്ടാകുന്ന ഒരുതരം ലോഹ വിഷബാധയാണ് ഈയം വിഷബാധ. മസ്തിഷ്കമാണ് ഇതിനോട് ഏറ്റവും കൂടുതൽ പ്രതികരിക്കുന്നത്. വയറുവേദന, മലബന്ധം, തലവേദന, ക്ഷോഭം, ഓർമ്മ പ്രശ്നങ്ങൾ, വന്ധ്യത, പാരെസ്തേഷ്യ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കഠിനമായ വിഷബാധ മൂലം വിളർച്ച, കോച്ചിപ്പിടുത്തം, കോമ അല്ലെങ്കിൽ മരണം വരെ സംഭവിക്കാം.
ലെഡ് വിഷബാധ തലച്ചോറ്, വൃക്കകൾ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുൾപ്പെടെ ഒന്നിലധികം അവയവ വ്യവസ്ഥകളെ ബാധിക്കാനും സാധ്യതയുണ്ട്. മലിനമായ വായു, വെള്ളം, പൊടി, ഭക്ഷണം അല്ലെങ്കിൽ ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയിലൂടെ ഈയം വിഷബാധ സംഭവിക്കാവുന്നതാണ്.