ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. സ്ഫോടനത്തിന് പിന്നാലെ പോലീസ് റെഡ് ഫോർട്ട് പരിസരത്തും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും പരിശോധന ശക്തമാക്കി. കേന്ദ്ര സർക്കാർ ഔദ്യോഗികമായി 9 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണസംഖ്യ 13 ആയെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 30-ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്.(5 killed in Delhi blast identified, four in custody)
കൊല്ലപ്പെട്ടവരിൽ അഞ്ച് പേരുടെ വിവരങ്ങളാണ് പോലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ബാക്കിയുള്ളവരും ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവർ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി (22): ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു, യുപി സ്വദേശി റുമാൻ (21) എന്നിവരാണിവർ.
സംഭവത്തിൽ യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്, നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാർ ഓടിച്ചത് ഫരീദാബാദ് ഭീകര സംഘം തിരയുന്ന ഉമർ മുഹമ്മദ് ആണെന്നാണ് പുറത്തുവരുന്ന വിവരം. ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന് തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ റെഡ് ഫോർട്ട് പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. ചാവേർ ഭീകരാക്രമണ സാധ്യതയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്നലെ രാത്രി മുഴുവൻ പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ പോലീസ് റെയ്ഡ് നടത്തി. ഹോട്ടൽ രജിസ്റ്ററുകൾ വിശദമായി പരിശോധിച്ചു.
റെയ്ഡിനിടെ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് കത്തി നശിച്ചത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിനായി വെള്ള കർട്ടൻ കൊണ്ട് മറച്ചിട്ടുണ്ട്.
വൈകുന്നേരം ഏറെ തിരക്കുള്ള സമയത്താണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിലായിരുന്നു അപകടം. ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ എത്തിയ ഹ്യൂണ്ടായ് ഐ 20 കാർ വൈകുന്നേരം 6.55-ഓടെ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.
പിന്നിൽ ജെയ്ഷെ മുഹമ്മദോ ?
ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ഉഗ്രസ്ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ-മുഹമ്മദ് ആണെന്ന് പ്രാഥമിക സൂചനകൾ. സ്ഫോടനത്തിന്റെ സ്വഭാവം മുൻകാല ആക്രമണങ്ങളുമായി, പ്രത്യേകിച്ച് 2019-ലെ പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം മൂന്ന് മാസത്തെ ഇടവേളകളിൽ ജെയ്ഷെ-മുഹമ്മദ് നടത്തുന്ന ആക്രമണങ്ങളുടെ അതേ രീതിയിലുള്ള നീക്കമാണ് ഡൽഹിയിൽ നടന്നിട്ടുള്ളതെന്നാണ് വിലയിരുത്തൽ. ഈ വർഷം ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഭീകരസംഘടനയുടെ പ്രവർത്തനം പുനരാരംഭിച്ചതിൻ്റെ സൂചനകളാണ് ചെങ്കോട്ട സ്ഫോടനം നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ രണ്ടു കാശ്മീരി ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിന് പിന്നാലെയാണ് സ്ഫോടനം നടന്നത്.
2025 ജൂലൈയിൽ ഭീകരരെ തുരത്തുന്നതിനായി സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ ജെയ്ഷെ ഭീകരരെ കണ്ടെത്തി വധിക്കുന്നതിനിടെയാണ് അവർ മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെങ്കിലും, ജെയ്ഷെ-മുഹമ്മദിന്റെ പ്രവർത്തന രീതിയുമായുള്ള ബന്ധം ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. ഏതെങ്കിലും നിഗമനത്തിലെത്തുന്നതിനു മുൻപ് പഴയ കേസ് ഫയലുകൾ വീണ്ടും പരിശോധിക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.
സ്ഫോടനം നടന്ന സ്ഥലത്ത് വലിയ ഗർത്തങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല. ഇത് ഒരു 'നിയന്ത്രിത' (Controlled) സ്ഫോടനമായിരുന്നുവെന്നാണ് സൂചന. ഇരകളുടെ ശരീരത്തിൽ നിന്ന് ആണികളോ, വയറുകളോ, ലോഹക്കഷണങ്ങളോ കണ്ടെത്താനായില്ല. സാധാരണയായി ഉപയോഗിക്കുന്ന ചീളുകൾ നിറഞ്ഞ ഐഇഡി (IED) സ്ഫോടനമല്ല ഇതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം കാർ രജിസ്റ്റർ ചെയ്തിട്ടുള്ള ഗുഡ്ഗാവ് സ്വദേശിയെ പോലീസ് കണ്ടെത്തി. എന്നാൽ, വാഹനം മറ്റൊരാൾക്ക് വിറ്റതായി ഉടമ മൊഴി നൽകി. സംഭവത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയെ കണ്ടെത്താൻ പോലീസ് ആർടിഒയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ നിഗമനങ്ങൾക്ക് പകരം ഫോറൻസിക് തെളിവുകൾക്കാണ് അന്വേഷണത്തിൽ ഊന്നൽ നൽകുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജെയ്ഷെ-മുഹമ്മദ് ബന്ധത്തിനപ്പുറമുള്ള എല്ലാ സാധ്യതകളും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജാഗ്രതയുമായി പാകിസ്ഥാൻ
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്തുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് പാകിസ്ഥാൻ അതിർത്തിയിൽ അഭൂതപൂർവമായ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും 'റെഡ് അലേർട്ട്' പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാൽ പാകിസ്ഥാൻ സായുധ സേനയിലെ മൂന്ന് വിഭാഗങ്ങളെയും അതീവ ജാഗ്രതയിൽ നിർത്തിയിരിക്കുകയാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കാനും പാകിസ്ഥാന്റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനൊപ്പം, പാകിസ്ഥാൻ വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയ്യാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹിയിലെ സമീപകാല ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയാണ് പാക് നടപടികൾക്ക് പിന്നിലെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
തങ്ങളുടെ വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്ഥാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ട്. സൈനിക ജെറ്റുകളും നിർണായക സ്ഥാപനങ്ങളും ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാകിസ്ഥാന്റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്. നവംബർ 11 മുതൽ നവംബർ 12 വരെ 'നോട്ടീസ് ടു എയർമെൻ' (NOTAM) പുറത്തിറക്കിയിട്ടുണ്ട്. സംഘർഷഭരിതമായ അതിർത്തി മേഖലയിൽ വർദ്ധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇത് സൂചിപ്പിക്കുന്നു.
തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനം ഇന്ത്യയെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്. ഇതിനോടുള്ള പാകിസ്ഥാന്റെ ദ്രുതഗതിയിലുള്ള പ്രതികരണം അതിർത്തി കടന്നുള്ള ഭീഷണികളെക്കുറിച്ചുള്ള വർദ്ധിച്ച ആശങ്കയെയാണ് സൂചിപ്പിക്കുന്നത്.