

ന്യൂഡൽഹി : സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. ജനിതക രോഗമായ തലസീമിയ ബാധിച്ച കുട്ടികൾക്കാണ് ആശുപത്രിയിലെ ഗുരുതര വീഴ്ചയെ തുടർന്ന് എച്ച്‌ഐവി പോസിറ്റീവായത്. ഇതോടെ സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.(5 children who received blood tested positive for HIV in Jharkhand government hospital)
സംഭവത്തിൽ ജാർഖണ്ഡ് സർക്കാർ അന്വേഷണം ആരംഭിച്ചു. റാഞ്ചിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘം അടിയന്തരമായി അന്വേഷണം നടത്താനും തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു കുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. തലസീമിയ ബാധിതനായ തങ്ങളുടെ കുട്ടിക്ക് ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് എച്ച്ഐവി ബാധിച്ച രക്തം നൽകിയെന്ന് കുടുംബം ആരോപിച്ചു.
പരാതിയെത്തുടർന്ന്, ജാർഖണ്ഡ് സർക്കാർ മെഡിക്കൽ ഡയറക്ടർ ഡോ. ദിനേശ് കുമാറിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ മെഡിക്കൽ സംഘത്തെ അന്വേഷണത്തിനായി അയച്ചു. ഈ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തലസീമിയ ബാധിച്ച നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇതോടെ എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം അഞ്ചായി.
രക്തബാങ്കിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയെന്നും അവ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡോ. ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ രക്തബാങ്കിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഗുരുതരമായ കേസുകൾ മാത്രമേ രക്തബാങ്കിൽ ഇനി കൈകാര്യം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.