ബെംഗളൂരു: എച്ച്.ഡി. രേവണ്ണയ്ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് ബെംഗളൂരു കോടതി തള്ളി. പരാതി നൽകാൻ നാല് വർഷത്തോളം വൈകിയത് ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രേവണ്ണയെ കുറ്റവിമുക്തനാക്കിയത്.(4 years late in filing complaint, Court dismisses sexual assault case against HD Revanna)
മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 468 പ്രകാരം മൂന്ന് വർഷത്തെ സമയപരിധിയാണുള്ളത്. എന്നാൽ ഈ കേസിൽ പരാതി നൽകാൻ നാല് വർഷത്തിലേറെ വൈകി.
ഈ കാലതാമസം വിശദീകരിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. അതിനാൽ സെക്ഷൻ 354എ പ്രകാരമുള്ള കുറ്റങ്ങളിൽ വിചാരണ തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹാസൻ എം.പി ആയിരുന്ന പ്രജ്‌വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക പീഡന വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ഏപ്രിൽ 28-നാണ് ഹോളെനരസിപുര പോലീസ് രേവണ്ണയ്ക്കും മകനുമെതിരെ കേസെടുത്തത്.