സൂരജ്പൂർ : ഹോംവർക്ക് പൂർത്തിയാക്കാത്തതിൻ്റെ പേരിൽ നാല് വയസ്സുകാരനായ എൽ.കെ.ജി. വിദ്യാർഥിയെ മരത്തിൽ കെട്ടിത്തൂക്കിയതായി പരാതി. ഛത്തീസ്ഗഡിലെ സൂരജ്പൂരിൽ ഒരു സ്വകാര്യ സ്കൂളിലാണ് മനുഷ്യത്വരഹിതമായ ഈ സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് അധ്യാപികമാരെ സ്കൂൾ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(4-year-old boy hanged from tree for not doing homework, 2 teachers suspended in Chhattisgarh)
സ്കൂൾ പരിസരത്തുള്ള ഒരു മരത്തിൻ്റെ കൊമ്പിലാണ് കയറുപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കിയത്. സംഭവം നടക്കുമ്പോൾ പരിസരത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ വ്യക്തമാണ്.
സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെടുകയും സ്കൂൾ അധികൃതർ അധ്യാപികമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തത്. കുട്ടിക്കെതിരെ നടന്ന ഈ ക്രൂരമായ ശിക്ഷാ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.