
ചണ്ഡിഗഢ്: പഞ്ചാബ് മുൻ ഡി.ജി.പി.യും മുൻ കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്ന ഭാര്യയും 35-കാരനായ മകന്റെ കൊലപാതക കേസിൽ പ്രതികളായി. ഹരിയാനയിലെ പഞ്ച്കുളയിൽ ആഖിൽ അക്തർ കൊല്ലപ്പെട്ട കേസിലാണ് പഞ്ചാബ് മുൻ ഡി.ജി.പി. മുഹമ്മദ് മുസ്തഫയെയും ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താനയെയും പോലീസ് പ്രതിചേർത്തത്. അക്തറിൻ്റെ സഹോദരി സുൽത്താനയെയും ഭാര്യയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി അഭിഭാഷകനായ ആഖിൽ അക്തറിൻ്റെ മൃതദേഹം വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ മാൻസ ദേവി കോംപ്ലക്സിലെ വീട്ടിൽ കണ്ടെത്തിയത്. ബന്ധുക്കളാണ് വിവരം പോലീസിൽ അറിയിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. എന്നാൽ, അക്തറിൻ്റെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റ് 27-ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, തനിക്ക് കുടുംബവുമായി പ്രശ്നങ്ങളുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും അക്തർ പറഞ്ഞിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം കൊലപാതകമായി ചർച്ചയായത്. ഷംസുദ്ദീൻ എന്നയാൾ പോലീസിൽ പരാതി നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.
മുഹമ്മദ് മുസ്തഫ 1985 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥനാണ്. മകൻ ലഹരി അമിതമായി ഉപയോഗിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് മുൻ ഡി.ജി.പി. മുഹമ്മദ് മുസ്തഫയുടെ വിശദീകരണം. പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.