

റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോയിൽ, മക്കളുടെ കൺമുമ്പിൽ വെച്ച് ഭർത്താവ് ഭാര്യയെ ചുറ്റികയും കത്തിയും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. 35 വയസ്സുകാരനായ രൂപേഷ് യാദവാണ് ഭാര്യയായ ജാലോ ദേവിയെ (30) കൊലപ്പെടുത്തിയത്, പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.(35-year-old man stabs wife to death with hammer and knife in front of children)
ദമ്പതികൾ തമ്മിൽ ചില പ്രശ്‌നങ്ങളെച്ചൊല്ലി തർക്കമുണ്ടായെന്നും ഇതിനെ തുടർന്നാണ് രൂപേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് ഇവരുടെ മൂന്ന് മക്കളായ ഏഴ് വയസ്സുകാരി റിദ്ധി റാണി, നാല് വയസ്സുള്ള മകൻ പിയൂഷ്, ഒന്നര വയസ്സുള്ള മകൾ എന്നിവർ അതേ മുറിയിൽ ഉറങ്ങുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ട് മൂത്ത മകൾ റിദ്ധി ഉറക്കെ കരഞ്ഞതോടെയാണ് സമീപത്ത് താമസിച്ചിരുന്ന രൂപേഷിന്റെ അമ്മ നുൻവ ദേവി സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. വാതിൽ തുറന്നപ്പോൾ മുറി മുഴുവൻ രക്തത്തിൽ കുളിച്ച നിലയിലായിരുന്നെന്നും ജാലോ ദേവി മരിച്ച നിലയിൽ കിടക്കുകയായിരുന്നെന്നും നുൻവ ദേവി പോലീസിന് മൊഴി നൽകി. മൃതദേഹം ബൊക്കാറോ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പോലീസ് അറിയിച്ചു.