ബെംഗളൂരു: ബെംഗളൂരുവിൽ 34 വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തെ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകളും അവളുടെ നാല് ആൺസുഹൃത്തുക്കളും ചേർന്നാണ് അമ്മയായ നേത്രാവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.(34-year-old woman murdered in Bengaluru by her daughter and friends)
സൗത്ത് ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മകളടക്കം അഞ്ച് പേരെ സുബ്രഹ്മണ്യപുര പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്.
ഒക്ടോബർ 24-ന് രാത്രിയാണ് കൊലപാതകം നടന്നത്. സംഭവ ദിവസം രാത്രിയിൽ മകളുടെ മുറിയിൽ നാല് ആൺസുഹൃത്തുക്കളോടൊപ്പം നേത്രാവതി മകളെ കണ്ടിരുന്നു. ഇതിനെച്ചൊല്ലി വഴക്കുണ്ടായതിന് പിന്നാലെ, മകളുടെ ആൺസുഹൃത്തും മറ്റ് മൂന്ന് പേരും ചേർന്ന് വീണ്ടും നേത്രാവതിയുടെ വീട്ടിലെത്തി.
ഇവരെ കണ്ട നേത്രാവതി പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ, നേത്രാവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ച ശേഷം സംഘം രക്ഷപ്പെട്ടു. കൊലപാതകത്തിൽ 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആദ്യം ആത്മഹത്യയായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, നേത്രാവതിയുടെ സഹോദരി അനിതയ്ക്ക് തോന്നിയ സംശയമാണ് കേസിൽ വഴിത്തിരിവായത്. ഞായറാഴ്ച നേത്രാവതിയുടെ ആൺസുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്ന നിലയിൽ കണ്ട് സഹോദരിയെ വിവരം അറിയിച്ചു.
തിങ്കളാഴ്ച ഇരുവരും വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് നേത്രാവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കാണാതായതിന് പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് ആദ്യം കേസെടുത്തിരുന്നു. മകളെ കാണാത്ത മനോവിഷമത്തിൽ നേത്രാവതി ജീവനൊടുക്കിയെന്നാണ് ആദ്യം കരുതിയത്.
എന്നാൽ, ഒക്ടോബർ 30-ന് പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ തിരിച്ചെത്തുകയും അസ്വഭാവികമായി പെരുമാറുകയും ചെയ്തതോടെ വീട്ടുകാർക്ക് സംശയമായി. ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പെൺകുട്ടി മൂന്ന് ദിവസം മറ്റൊരു പെൺസുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. തന്നെ അമ്മ പുറത്താക്കി എന്നാണ് ഇവിടെ പറഞ്ഞിരുന്നത്. എന്നാൽ, സംശയത്തെത്തുടർന്ന് അവിടെനിന്ന് ഇറക്കിവിട്ടപ്പോഴാണ് മുത്തശ്ശിയുടെ വീട്ടിലെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.