
ചെന്നൈ: ഇന്ത്യൻ വ്യോമസേനയുടെ 92ാം വാർഷികത്തോടനുബന്ധിച്ച് മറിന ബീച്ചിൽ നടന്ന വ്യോമാഭ്യാസം കാണാനെത്തിയവർക്കിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർ മരിച്ചു. ചെന്നൈ കൊരുക്കുപേട്ട് ജോൺ (54), ദിനേഷ്‍കുമാർ (37), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34) എന്നിവരാണ് മരണപ്പെട്ടത്. 230 പേർ അബോധാവസ്ഥയിലായി. കൊടും ചൂടിലും തിക്കിലും തിരക്കിലുംപെട്ട് അബോധാവസ്ഥയിലായവരെ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു.
93 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. യുദ്ധവിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും സാഹസിക പ്രകടനം ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആരംഭിച്ചത്. ലക്ഷക്കണക്കിനാളുകൾ കുടുംബത്തോടൊപ്പമെത്തിയിരുന്നു. രാവിലെ മുതൽ മറിന ബീച്ചിലേക്കുള്ള റോഡുകൾ ഗതാഗതക്കുരുക്കിൽ മുങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും ആശുപത്രികൾ സന്ദർശിച്ചു. സംഭവത്തിൽ തിരുവല്ലിക്കേണി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.