മിർസപൂർ: ഉത്തർപ്രദേശിലെ മിർസപൂരിലുള്ള ചുനാർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് മൂന്ന് പേർ മരിച്ചു. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് യാത്രക്കാർ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.(3 killed in train collision while crossing railway tracks in Uttar Pradesh)
ചോപ്പൻ-പ്രയാഗ് രാജ് എക്സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പ്ലാറ്റ്ഫോമിലേക്ക് എത്താനായി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
ട്രെയിൻ ഇടിച്ച മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. റെയിൽവേ അധികൃതരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.