
ഗുവാഹത്തി: പടിഞ്ഞാറൻ അസമിലെ ബാർപേട്ട ജില്ലയിലെ പോലീസ് തിങ്കളാഴ്ച വിദേശികളുടെ ട്രിബ്യൂണലുകൾ (എഫ് ടി) പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ച 28 പേരെ ഗോൾപാര ജില്ലയിലെ മാറ്റിയയിലെ 'ട്രാൻസിറ്റ് ക്യാമ്പിലേക്ക്' അയച്ചു. ഇക്കാര്യം അറിയിച്ചത് അസം പോലീസ് ആണ്.
28 പേരിൽ 19 പുരുഷന്മാരും, ഒമ്പത് പേർ സ്ത്രീകളുമാണ്. ഇവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാർപെറ്റ പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് വിളിച്ചുവരുത്തി ബസിൽ കയറ്റി തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരെല്ലാം ബംഗാളി മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്.
ജില്ലയിലുടനീളമുള്ള വിവിധ പോലീസ് അധികാരപരിധിയിൽ താമസിച്ചിരുന്ന വ്യക്തികളെ പൗരന്മാരല്ലെന്ന് തരംതിരിക്കുന്ന ബാർപേട്ടയിലെ ഫോറിനേഴ്‌സ് ട്രിബ്യൂണലിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് സ്ഥലം മാറ്റിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കനത്ത സുരക്ഷയിൽ നടന്ന ട്രാൻസ്ഫർ നടപടികൾ നിയമപരമായ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് ബാർപേട്ട പോലീസ് നടത്തിയതെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ഫോറിനേഴ്‌സ് ട്രൈബ്യൂണലിൻ്റെ ഉത്തരവുകൾ ഞങ്ങൾ നടപ്പിലാക്കുകയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (ക്രൈം) ബിദ്യുത് ബികാഷ് ബോറ പറഞ്ഞു. എല്ലാ നിയമ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് ട്രാൻസ്ഫർ പ്രക്രിയ സുഗമമായി നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ഇവരെ തടങ്കലിൽ പാർപ്പിച്ചത് രോഷം ജനിപ്പിക്കാൻ കാരണമായി. ബാർപേട്ട പോലീസ് സൂപ്രണ്ടിൻ്റെ ഓഫീസിന് പുറത്ത് കുടുംബാംഗങ്ങളും പ്രദേശവാസികളും പ്രതിഷേധവുമായി ഒത്തുകൂടി. "പ്രഖ്യാപിത" വിദേശികളെ കടത്തിക്കൊണ്ടുപോകുമ്പോൾ പിരിമുറുക്കം നിലനിന്നിരുന്നു, ജനക്കൂട്ടം അവരുടെ രോഷം പ്രകടിപ്പിച്ചു.
ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി) നടപടികൾ വേഗത്തിലാക്കാൻ ട്രാൻസിറ്റ് ക്യാമ്പിലേക്ക് അയച്ചവരുടെ കുടുംബാംഗങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് ആവശ്യപ്പെട്ടു. തടവുകാരിൽ ഒരാളുടെ കുടുംബാംഗത്തിൻ്റെ പ്രതികരണം "ഞങ്ങളും ഒരു അനധികൃത കുടിയേറ്റ രഹിത രാഷ്ട്രം ആഗ്രഹിക്കുന്നു. ഇതിനായി സർക്കാരുകൾ എൻ ആർ സി നടപടികൾ വേഗത്തിലാക്കണം, അങ്ങനെ നിരപരാധികളെ എത്രയും വേഗം മോചിപ്പിക്കണം, " എന്നായിരുന്നു.
ട്രാൻസിറ്റ് ക്യാമ്പിലേക്ക് അയച്ചവരെ അറിയാവുന്ന പ്രദേശവാസികൾ പറഞ്ഞത് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 28 കുടുംബങ്ങളിൽ നിന്ന് ഓരോരുത്തരെ വീതം പോലീസ് സ്റ്റേഷനുകളിൽ വിളിച്ചുവരുത്തി എസ് പി ഓഫീസിൽ ഒപ്പിടീപ്പിക്കുകയും, അവിടെ തടഞ്ഞുവെച്ച് ക്യാമ്പിലേക്ക് അയക്കുകയും ചെയ്തതായാണ്.
2023 ജനുവരി വരെ, കൊക്രജാർ, ഗോൾപാറ, തേസ്പൂർ, ജോർഹട്ട്, ദിബ്രുഗഡ്, സിൽചാർ എന്നിവയുൾപ്പെടെ അസമിലെ ആറ് ജയിലുകളിലായി ആയിരത്തിലധികം "പ്രഖ്യാപിത" വിദേശികൾ തടങ്കൽപ്പാളയങ്ങളിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഗുവാഹത്തി ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകളെ തുടർന്ന് ഈ തടവുകാരിൽ ഭൂരിഭാഗം പേരെയും സോപാധിക ജാമ്യത്തിൽ വിട്ടയച്ചു.
64 കോടി രൂപ ചെലവിൽ നിർമ്മിച്ച ട്രാൻസിറ്റ് ക്യാമ്പ് ആദ്യം തടങ്കൽ കേന്ദ്രം എന്ന് ലേബൽ ചെയ്തിരുന്നുവെങ്കിലും പിന്നീട് കൂടുതൽ മാനുഷിക സമീപനത്തിനായി "ട്രാൻസിറ്റ് ക്യാമ്പ്" എന്ന് പുനർനാമകരണം ചെയ്തു. 64 പ്രഖ്യാപിത വിദേശ പൗരന്മാരുടെ ആദ്യ ബാച്ച് 2023 ജനുവരിയിൽ ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. ഇവരെല്ലാം തന്നെ ഗോൾപാറയിൽ നിന്നുള്ളവർ ആയിരുന്നു.