
ഡൽഹി : സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷ സേന വധിച്ചു. ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിലാണ് ബസവരാജു എന്ന നമ്പാല കേശവ റാവു അടക്കം 27 മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചത്.
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏകദേശം 50 മണിക്കൂര്‍ നീണ്ടുനിന്നു.രഹസ്യ വിവരത്തെത്തുടർന്ന് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിൽ ഡിസ്ട്രിക്ട് റിസർവ്ഗാർഡിലെ ഒരു ജവാൻ വീരമൃത്യു വരിച്ചു.
അതെ സമയം,സേനകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കി ജനങ്ങൾക്ക് സമാധാനവും പുരോഗതിയും നിറഞ്ഞ ജീവിതം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവാണു കൊല്ലപ്പെട്ട നംബാല കേശവറാവു എന്ന ബസവരാജ് .മാവോയിസ്റ്റ് പാർട്ടി ഘടനയിലെ ഏറ്റവും മുതിർന്ന കമാൻഡറായ ബസവരാജു സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ നടത്തിയ നിരവധി ആക്രമണങ്ങളിലൂടെയാണ് സംഘടന തലപ്പത്തേക്ക് ഉയർന്നത്.
നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.