ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം സീറ്റ് ഉറപ്പാക്കാൻ ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകുന്നത് സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കോടതി ഓർമ്മിപ്പിച്ചു.(25% seats in private schools for economically weaker sections, Supreme Court asks to prepare rules soon)
ആർ.ടി.ഇ നിയമപ്രകാരം ന്യൂനപക്ഷയിതര, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ 25 ശതമാനം സീറ്റുകൾ നിർബന്ധമായും പാവപ്പെട്ട കുട്ടികൾക്കായി മാറ്റിവയ്ക്കണം. പാവപ്പെട്ട കുട്ടികൾ സ്വകാര്യ സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ നേരിടുന്ന പ്രായോഗിക തടസ്സങ്ങൾ പരിഹരിക്കാൻ സർക്കാരുകൾ മുൻകൈ എടുക്കണം.
ഓൺലൈൻ അപേക്ഷാ നടപടികളിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി അർഹരായ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. സ്വന്തം കുട്ടികളെ തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിൽ സീറ്റുണ്ടായിട്ടും പ്രവേശിപ്പിച്ചില്ലെന്നുകാട്ടി മഹാരാഷ്ട്ര സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. ഓൺലൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് അപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതി വിധി വന്നത്.