ന്യൂഡൽഹി: നൈജീരിയയിലെ ലാഗോസ് തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ടയെത്തുടർന്ന് 22 ഇന്ത്യൻ നാവികർ പിടിയിലായി. മാർഷൽ ഐലൻഡ്‌സിൽ നിന്നുള്ള 'എംവി അരുണ ഹുല്യ' എന്ന ചരക്ക് കപ്പലിൽ നിന്ന് 31.5 കിലോഗ്രാം കൊക്കൈൻ നൈജീരിയൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി പിടികൂടി. ജനുവരി 2-നാണ് കപ്പലിൽ പരിശോധന നടന്നതെന്നും ഞായറാഴ്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.(22 Indian sailors arrested in Nigeria, 31.5 kg of cocaine seized from cargo ship)
കപ്പലിലെ മൂന്നാം നമ്പർ ഹാച്ചിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നൈജീരിയൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി വക്താവ് ഫെമി ബബഫെമിയാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ നവംബറിൽ ബ്രസീലിൽ നിന്ന് 20 കിലോ കൊക്കൈനുമായി എത്തിയ 20 ഫിലിപ്പീൻ നാവികരെ ലാഗോസ് തുറമുഖത്ത് വച്ച് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പുതിയ നീക്കത്തിന് സഹായകമായെന്നാണ് സൂചന.
ലാഗോസ് തീരത്ത് നേരത്തെ 1000 കിലോ കൊക്കൈൻ കണ്ടെത്തിയ സംഭവത്തിൽ അമേരിക്കൻ, ബ്രിട്ടീഷ് സുരക്ഷാ ഏജൻസികൾ നൈജീരിയയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ സംയുക്ത നീക്കമാണ് ലാഗോസ് തീരത്തെ തുടർച്ചയായ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
കപ്പലിലെ ക്യാപ്റ്റൻ ശർമ്മ ശശി ഭൂഷൺ ഉൾപ്പെടെയുള്ള 22 അംഗ സംഘമാണ് നിലവിൽ നൈജീരിയൻ ഏജൻസിയുടെ കസ്റ്റഡിയിലുള്ളത്. പിടിയിലായവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. യൂറോപ്പിലേക്കും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്ന പ്രധാന കേന്ദ്രമായി നൈജീരിയ മാറുന്നതിനെതിരെ കടുത്ത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.