ഒരു മാസത്തിനുള്ളിൽ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍ | Heart Attack

ഹാസന്‍ ജില്ലയിലാണ് സംഭവം, മരിച്ച 21 പേരും 30 നും 55 നും ഇടയിൽ പ്രായമുള്ളവർ
Heart Attack
Published on

ബെംഗളുരു: കര്‍ണാടകയിലെ ഹാസൻ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വർധിച്ചുവരുന്ന ഹൃദയാഘാതങ്ങളെക്കുറിച്ച് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധ്യക്ഷതയിൽ പഠനം നടത്തി റിപ്പോർട്ട് നേടാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

'പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സർക്കാർ പുനീത് രാജ്കുമാർ ഹാർട്ട് ജ്യോതി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ യുവാക്കളിൽ കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നതിനെക്കുറിച്ച് സമഗ്രമായ ഗവേഷണം ആവശ്യമാണ്," - മന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തില്‍ ഹസന്‍ ഭരണകൂടം അടിയന്തര യോഗം ചേർന്നിട്ടുണ്ട്.വിദഗ്ധരുടെ സംഘം അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ലതാകുമാരി പറഞ്ഞു. ഹൃദയാഘാതത്തിനുള്ള കാരണങ്ങൾ റിപ്പോർട്ട് പഠിക്കുമെന്ന്ന്നും അവർ കൂട്ടിച്ചേർത്തു.

അടുത്തിടെ മരിച്ച 21 പേരും 30 നും 55 നും ഇടയിൽ പ്രായമുള്ളവരാണ്. തിങ്കളാഴ്ച മാത്രം മൂന്ന് പേരാണ് ജില്ലയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. അതേസമയം, മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നും ജില്ലാ ആരോഗ്യ ഓഫീസർ ഡോ. അനിൽ കുമാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com