അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വർഗീയ കലാപവുമായി ബന്ധപ്പെട്ട് എകെ-47 തോക്ക് കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട കേസിൽ, തെളിവുകൾ ഹാജരാക്കാത്തതിനെ തുടർന്ന് അഹമ്മദാബാദ് കോടതി മൂന്ന് പ്രതികളെയും വെറുതെവിട്ടു.(2002 Gujarat riots, Court acquits 3 accused in AK-47 possession case )
ആലംഗിരി ഷെയ്ഖ്, ഇംതിയാസ് ഷെയ്ഖ്, റൗഫ്മിയ സയ്യിദ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. വിചാരണക്കിടെ കേസിലെ നാലാം പ്രതിയായ ഹനീഫ് ഷെയ്ഖ് മരിച്ചിരുന്നു. വർഗീയ കലാപത്തിനിടെ പ്രതികൾ തോക്കുകൾ കൈവശം വെക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് വീഡിയോഗ്രാഫർ സതീഷ് ദൽവാഡി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
എന്നാൽ, വിചാരണ വേളയിൽ പരാതിക്കാരൻ വീഡിയോ ടേപ്പ് കോടതിയിൽ ഒരിക്കലും ഹാജരാക്കിയില്ല. പിന്നീട് മൊഴി പിൻവലിച്ച വീഡിയോഗ്രാഫർ, ടേപ്പ് കാണാനില്ലെന്ന് കോടതിയെ അറിയിച്ചു. വീഡിയോഗ്രാഫർ പ്രോസിക്യൂഷന്റെ കേസിനെ പിന്തുണയ്ക്കാതിരിക്കുകയും നിരവധി സാക്ഷികൾ കൂറുമാറുകയും ചെയ്തു. ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള സാക്ഷികളും മൊഴി മാറ്റി.
ഇംതിയാസ് ഷെയ്ഖ് എകെ-47 പോലെയുള്ള ഓട്ടോമാറ്റിക് തോക്ക് കൈവശം വച്ചിരുന്നു എന്നും, മറ്റ് പ്രതികൾ അക്രമത്തിൽ പങ്കെടുത്തു എന്നും കാണിച്ചാണ് ദരിയാപൂർ പോലീസ് സ്റ്റേഷനിൽ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നത്.
പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരവും ഐപിസി പ്രകാരവുമാണ് കുറ്റം ചുമത്തിയിരുന്നത്. 23 വർഷം നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് കോടതിയുടെ വിധി.
നടപടിക്രമങ്ങൾക്കിടെ വീഡിയോ കാസറ്റ് ഹാജരാക്കിയിട്ടില്ല എന്നും, ഈ കേസിൽ ഒരു ആയുധവും കണ്ടെടുത്തിട്ടില്ല എന്നും, കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന വാക്കാലുള്ളതോ രേഖാമൂലമോ ആയ തെളിവുകളൊന്നും പ്രൊസിക്യൂഷൻ ഹാജരാക്കിയിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിൽ മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടു.