
ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സുപ്രിംകോടതയിൽ അപ്പീൽ നൽകി ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടി സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.
കേസിൽ 2022ൽ ഡൽഹി പട്യാല കോടതിയിൽ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കേസിലെ ഒന്നാം പ്രതി സുകേഷിൽ നിന്ന് സമ്മാനങ്ങൾ കരസ്ഥമാക്കിയത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ജാക്വിലിൻ നേരിടുന്നത്. സാമ്പത്തിക തട്ടിപ്പിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഇതിനെക്കുറിച്ച് അറിവില്ലെന്നുമാണ് നടിയുടെ വാദം.
സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അറിവില്ലാതെയാണ് താൻ സമ്മാനങ്ങൾ സ്വീകരിച്ചതെന്നാണ് ജാക്വിലിൻ പറയുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.