

ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ ഇരുപതുകാരി മരിച്ചു. പീഡനത്തെത്തുടർന്നുണ്ടായ ഗുരുതരമായ ശാരീരിക പരിക്കുകൾക്കും മാനസികാഘാതത്തിനും ദീർഘകാലമായി ചികിത്സയിലായിരുന്നു. 2023 മെയ് മാസത്തിൽ കലാപം കൊടുമ്പിരിക്കൊണ്ട സമയത്താണ് രാജ്യമനസ്സാക്ഷിയെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്.(20-year-old gang-rape victim dies in Manipur)
ഇംഫാലിൽ വെച്ച് മെയ്തെയ് തീവ്രവിഭാഗത്തിൽപ്പെട്ട നാലംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കുന്നിൻമുകളിൽ വെച്ച് ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി വിവസ്ത്രയായി നഗരത്തിലെത്തുകയും പിന്നീട് പച്ചക്കറി കയറ്റിവന്ന ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
പീഡനത്തെത്തുടർന്ന് യുവതിയുടെ ശ്വാസകോശത്തിന് ഉൾപ്പെടെ ആന്തരികാവയവങ്ങൾക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. കൊഹിമയിൽ ചികിത്സയിലായിരുന്നെങ്കിലും ശാരീരിക പരിക്കുകളിൽ നിന്നും മാനസികാഘാതത്തിൽ നിന്നും മോചിതയാകാൻ സാധിച്ചിരുന്നില്ല.
സംഭവം നടന്ന് ഇത്രയും കാലമായിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് ആക്ഷേപമുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നുവെങ്കിലും യുവതിക്ക് നീതി ലഭ്യമായില്ലെന്ന് കുടുംബം ആരോപിക്കുന്നു.