ന്യൂഡൽഹി: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച രണ്ട് അധോലോക നായകന്മാരായ വെങ്കിടേഷ് ഗാർഗ്, ഭാനു റാണ എന്നിവർ വിദേശരാജ്യങ്ങളിൽ അറസ്റ്റിലായി. വെങ്കിടേഷ് ഗാർഗിനെ ജോർജിയയിലും ഭാനു റാണയെ യു.എസിലുമാണ് അതാത് രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തത്.(2 underworld leaders arrested abroad, India's moves successful)
ഹരിയാണ പോലീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി ഈ രാജ്യങ്ങളിലെത്തിയിട്ടുണ്ട്. ഈ അറസ്റ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. നിലവിൽ തെളിയാത്ത പല കേസുകളിലേക്കും നിർണ്ണായകമായ വിവരങ്ങൾ ഇവരിൽ നിന്ന് അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചേക്കും. ഗാർഗിനെയും റാണയെയും ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
വെങ്കിടേഷ് ഗാർഗ് ഹരിയാണയിലെ നാരായൺഗഢ് സ്വദേശിയാണ്. ഇന്ത്യയിൽ പത്തിലധികം ക്രിമിനൽ കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാണ, രാജസ്ഥാൻ, ഡൽഹി, മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്.
ഗുരുഗ്രാമിൽ ഒരു ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) നേതാവിനെ കൊലപ്പെടുത്തിയ കേസിനെത്തുടർന്നാണ് ഇയാൾ ജോർജിയയിലേക്ക് കടന്നത്. അവിടെയിരുന്നും ക്രിമിനൽ സംഘാംഗങ്ങളെ നിയന്ത്രിച്ചു. വിദേശത്ത് താമസിക്കുന്ന കപിൽ സാംഗ്വാൻ എന്ന അധോലോക നേതാവുമായി ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം ഇയാൾ നടത്തിവരികയായിരുന്നു.
ഭാനു റാണ കർണാൽ സ്വദേശിയാണ്. കുപ്രസിദ്ധമായ ബിഷ്ണോയി സംഘവുമായി ബന്ധമുണ്ട്. ഇയാളുടെ ക്രിമിനൽ ശൃംഖല ഹരിയാണ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്നു. പഞ്ചാബിലെ ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇയാളുടെ പേര് ഉയർന്നുവന്നത്. റാണയുടെ നിർദേശപ്രകാരമാണ് ഹാൻഡ് ഗ്രനേഡുകളും പിസ്റ്റളുകളും കൈവശം വെച്ച രണ്ട് പേരെ കർണാലിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് (എസ്.ടി.എഫ്.) അറസ്റ്റ് ചെയ്തത്.
നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഇരുപതിലധികം കുറ്റവാളിസംഘാംഗങ്ങൾ വിദേശരാജ്യങ്ങളിൽ ഇരുന്ന് ഇന്ത്യയിലെ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.