ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിൽ രണ്ട് ഭീകരർ പിടിയിലായി. മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർ.ആർ. (രാഷ്ട്രീയ റൈഫിൾസ്), 179 ബി.എൻ. സി.ആർ.പി.എഫ്. (CRPF) എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.(2 terrorists arrested in Jammu and Kashmir, arms and ammunition seized)
പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ഡി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ സുരക്ഷാ സേനയുടെ സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സുരക്ഷാ സേന ഉടൻ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.
മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന ഷബീർ അഹമ്മദ് മിർ എന്നിവരാണിവർ. അറസ്റ്റിലായവരുടെ കൈവശം നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തു.
ഒരു പിസ്റ്റൾ, ഒരു മാഗസിൻ, 20 ലൈവ് റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്. പ്രദേശത്തെ ഭീകരപ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ സോപോർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.