

താനെ: വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നത് വരെ കാത്തിരിക്കാൻ വീട്ടുകാർ നിർദ്ദേശിച്ചതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ 19-കാരൻ ജീവനൊടുക്കി. ഝാർഖണ്ഡ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെക്കടുത്ത് ഡോംബിവലിയിൽ താമസക്കാരനുമായ യുവാവാണ് മരിച്ചത്.(19-year-old commits suicide because of family asking him to wait 2 years for marriage )
ഝാർഖണ്ഡിലെ നാട്ടുകാരിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം യുവാവ് വീട്ടുകാരുമായി പങ്കുവെച്ചിരുന്നു. എന്നാൽ രാജ്യത്തെ പുരുഷന്മാരുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സാണെന്നതിനാൽ, ഇനിയും രണ്ട് വർഷം കൂടി കാത്തിരിക്കാൻ മാതാപിതാക്കൾ ആവശ്യപ്പെടുകയായിരുന്നു. ഇതിലുള്ള മനഃപ്രയാസമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറയുന്നു.
നവംബർ 30-ന് വീടിനകത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ഡോംബിവലിയിലെ മൺപാട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.