AI ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ: സഹോദരിമാർക്ക് എതിരായ ഭീഷണിയെ തുടർന്ന് 19-കാരൻ ആത്മഹത്യ ചെയ്തു | Suicide

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
AI ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ: സഹോദരിമാർക്ക് എതിരായ ഭീഷണിയെ തുടർന്ന് 19-കാരൻ ആത്മഹത്യ ചെയ്തു | Suicide
Published on

ഫരീദാബാദ്: സഹോദരിമാർക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 19 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. ഹരിയാണയിലെ ഫരീദാബാദിലാണ് സൈബർ കുറ്റകൃത്യത്തിൻ്റെയും എഐ ദുരുപയോഗത്തിൻ്റെയും ഗുരുതരമായ ഈ സംഭവം നടന്നത്.(19-year-old commits suicide after receiving threats against his sisters)

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാഹുൽ ഭാരതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു. ആരോ രാഹുലിന്റെ ഫോൺ ഹാക്ക് ചെയ്യുകയും, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രാഹുലിൻ്റെയും സഹോദരിമാരുടെയും നഗ്‌നചിത്രങ്ങളും വീഡിയോകളും നിർമിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

'സാഹിൽ' എന്ന് അറിയപ്പെടുന്നയാളാണ് രാഹുലിനെയും സഹോദരിമാരെയും ബ്ലാക്ക്‌മെയിൽ ചെയ്തത്. അശ്ലീല ദൃശ്യങ്ങൾ അയച്ച് 20,000 രൂപ ആവശ്യപ്പെട്ട 'സാഹിൽ' എന്നയാളുമായി രാഹുൽ നടത്തിയ ചാറ്റ് വിവരങ്ങൾ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും തമ്മിൽ നിരവധി ഓഡിയോ, വീഡിയോ കോളുകൾ നടന്നതായും വാട്‌സ്ആപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളിൽ വ്യക്തമാണ്.

"ആജാ മേരെ പാസ്" (എൻ്റെ അടുത്തേക്ക് വാ) എന്ന് പറഞ്ഞ് 'സാഹിൽ' രാഹുലിന് ഒരു ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പണം നൽകിയില്ലെങ്കിൽ എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് അവസാനത്തെ സംഭാഷണത്തിൽ 'സാഹിൽ' ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. രാഹുലിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും മരണത്തിലേക്ക് നയിച്ചേക്കാവുന്ന ചില പദാർത്ഥങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ രാഹുൽ ഗുളികകൾ കഴിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാഹുൽ മരണത്തിന് കീഴടങ്ങി. "എൻ്റെ പെൺമക്കളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ആരോ രാഹുലിന്റെ ഫോണിലേക്ക് അയക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മാനസിക പീഡനം കാരണമാണ് രാഹുൽ വിഷം കഴിച്ചത്," പിതാവ് മനോജ് ഭാരതി പറഞ്ഞു.

നീരജ് ഭാരതി എന്നയാൾക്കും കേസിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. രാഹുൽ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇയാൾ രാഹുലുമായി സംസാരിച്ചിരുന്നു. കൂടാതെ, ഭർതൃസഹോദരനും സംഭവത്തിൽ പങ്കുണ്ടെന്ന് രാഹുലിന്റെ അമ്മ മീനാ ദേവി ആരോപിച്ചു. ആറുമാസം മുൻപ് മീനാ ദേവി ഇയാളുമായി വഴക്കിട്ടിരുന്നു. ഒരു പെൺകുട്ടിയുമായി ചേർന്നാണ് അയാൾ ഈ പദ്ധതി തയ്യാറാക്കിയതെന്നും മീനാ ദേവി ആരോപിച്ചു.

കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടുപേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. "സൈബർ കുറ്റകൃത്യങ്ങളുടെയും എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിൻ്റെയും ഗുരുതരമായ ഉദാഹരണമാണ് ഈ കേസ്," പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിഷ്ണു കുമാർ പറഞ്ഞു. മൊബൈൽ ഫോൺ വിശദമായി പരിശോധിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com