മുംബൈ 26/11 ഭീകരാക്രമണത്തിന് 17 വയസ്സ്: രാജ്യത്തിന് മറക്കാനാകാത്ത മുറിവായി സന്ദീപ് ഉണ്ണികൃഷ്ണൻ | 26/11 terror attacks

"നിങ്ങൾ മുകളിലേക്ക് വരേണ്ട, ഞാൻ അവരെ കൈകാര്യം ചെയ്തോളാം" എന്നതായിരുന്നു അദ്ദേഹം നൽകിയ അവസാന നിർദ്ദേശം
മുംബൈ 26/11 ഭീകരാക്രമണത്തിന് 17 വയസ്സ്: രാജ്യത്തിന് മറക്കാനാകാത്ത മുറിവായി സന്ദീപ് ഉണ്ണികൃഷ്ണൻ | 26/11 terror attacks

മുംബൈ: രാജ്യത്തിന് തീരാവേദനയായി മാറിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 17 വർഷം തികയുകയാണ്. ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്കും നഗരത്തെ സംരക്ഷിക്കാൻ വീരമൃത്യു വരിച്ച ധീരരായ സൈനികർക്കും രാജ്യം ആദരാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ 26/11 ആക്രമണത്തിലെ വീരന്മാരുടെ ധീരതയെയും ത്യാഗത്തെയും നിസ്വാർത്ഥമായ ധൈര്യത്തെയും അനുസ്മരിച്ച് സന്ദേശങ്ങൾ പങ്കുവെച്ചു.(17 years since the 26/11 Mumbai terror attacks)

ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ 10 തീവ്രവാദികൾ, അജ്മൽ കസബിന്റെ നേതൃത്വത്തിൽ കടൽ കടന്നെത്തി മൂന്ന് ദിവസത്തോളമാണ് മുംബൈയെ വിറപ്പിച്ചത്. മുംബൈയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളെ ഏകോപിപ്പിച്ചായിരുന്നു ആക്രമണം. വിനോദസഞ്ചാരികളടക്കം 166 പേർക്ക് ജീവൻ നഷ്ടമായി. മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സുരക്ഷാ സേന കീഴടക്കിയത്.

മുംബൈ ഭീകരാക്രമണത്തെ നേരിട്ട ധീരരിലെ തിളക്കമുള്ള പേരാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. താജ്മഹൽ പാലസ് ഹോട്ടലിലേക്ക് കടന്നുകയറിയ ഭീകരരെ നേരിടാൻ എത്തിയ ദേശീയ സുരക്ഷാ സേന (NSG) യുടെ 51-ാം വിങ്ങിന് നേതൃത്വം നൽകിയത് മേജർ സന്ദീപ് ആയിരുന്നു. മനുഷ്യജീവനുകൾ രക്ഷിക്കാനായി സന്ദീപും സംഘവും ശക്തമായി പോരടിച്ചു. അദ്ദേഹം ഒറ്റയ്ക്ക് നിരവധി പേരെ രക്ഷിച്ചു.

കൂട്ടത്തിലുണ്ടായിരുന്ന കമാൻഡോ സുനിൽ യാദവിന് വെടിയേറ്റപ്പോൾ, ഭീകരരുടെ ശ്രദ്ധ തിരിക്കാനായി സന്ദീപ് മുന്നോട്ട് കുതിച്ചു. ആറാം നിലയിൽ നടന്ന ഏറ്റുമുട്ടലിനിടെ അദ്ദേഹത്തിന് വെടിയേൽക്കുകയും വീരമൃത്യു വരിക്കുകയും ചെയ്തു. "നിങ്ങൾ മുകളിലേക്ക് വരേണ്ട, ഞാൻ അവരെ കൈകാര്യം ചെയ്തോളാം" എന്നതായിരുന്നു തന്റെ ടീമിന് അദ്ദേഹം നൽകിയ അവസാന നിർദ്ദേശം. രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഇന്ത്യ അശോകചക്രം നൽകി ആദരിച്ചു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് അമ്മ ധനലക്ഷ്മിയായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com