

ന്യൂഡൽഹി: ബീഡി നൽകാൻ വിസമ്മതിച്ചതിന് ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ 16-കാരൻ അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഡൽഹി നിവാസിക്കാണ് കുത്തേറ്റത്.(16-year-old arrested for stabbing man )
നോയിഡ ലിങ്ക് റോഡിലെ കുറ്റിക്കാട്ടിൽ നായ്ക്കൾ കൂട്ടമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എമർജൻസി റെസ്‌പോൺസ് വെഹിക്കിൾ (ഇ.ആർ.വി.) സംഘം വാഹനം അങ്ങോട്ട് തിരിച്ചുവിട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇയാളെ അവശ നിലയിൽ കണ്ടെത്തിയത്.
വയറിലും നെഞ്ചിലും കുത്തേറ്റ നിലയിൽ അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വെച്ച് ബോധം വീണ്ടെടുത്തതിന് പിന്നാലെ ഇയാൾ നടന്ന സംഭവം പോലീസിനോട് വിശദീകരിച്ചു.
ആക്രമണ കാരണം: 16-കാരൻ പലതവണ ബീഡി ചോദിച്ചു. ബീഡി നൽകാൻ വിസമ്മതിച്ചതിലുള്ള ദേഷ്യത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് മൊഴി നൽകി. കുത്തിയ ശേഷം അവശനായ ഇയാളെ പ്രതി കുറ്റിക്കാട്ടിൽ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന പ്രതിയെ സഞ്ജയ് ലേക്ക് ഗാർഡനിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന രക്തം പുരണ്ട കത്തിയുൾപ്പെടെ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ച പ്രതി പതിവായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് വെളിപ്പെടുത്തി. ആക്രമണം നടത്തുന്ന സമയത്തും കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും കുട്ടി സമ്മതിച്ചു.