ജോധ്പൂർ : വിവാഹം നടക്കാൻ വേണ്ടി പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊല്ലണമെന്ന അന്ധവിശ്വാസത്തിൻ്റെ പേരിൽ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ക്രൂരകൃത്യത്തിൽ നാല് സ്ത്രീകൾ അറസ്റ്റിലായി. കേവലം 16 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉറ്റ ബന്ധുക്കളായ നാല് സ്ത്രീകൾ ചേർന്ന് കൊലപ്പെടുത്തിയത്.(16-day-old baby trampled to death in the name of black magic)
കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പിതാവിൻ്റെ പരാതിയുടെയും സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിൻ്റെയും അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഒക്ടോബർ 24-നാണ് ജോധ്പൂർ സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. നാടോടി ദേവതയായ ഭേരുവിനെ ആരാധിച്ചിരുന്നവരാണ് ദുരാചാരത്തിൻ്റെ പേരിൽ ഈ ക്രൂരകൃത്യം ചെയ്തത്.
പുറത്തുവന്ന ദൃശ്യങ്ങളിൽ, കുഞ്ഞിനെ മടിയിലിരുത്തി മന്ത്രങ്ങൾ ചൊല്ലുന്നതും ചുറ്റുമുള്ളവർ അതിൽ പങ്കുചേരുന്നതും കാണാം. കുഞ്ഞിൻ്റെ അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമായിരുന്നു സ്ത്രീകൾ ഈ ക്രൂരത നടത്തിയത്. വീട്ടിലുണ്ടായിരുന്ന കുഞ്ഞിൻ്റെ പിതാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പോലീസിന് മൊഴി നൽകി.
അറസ്റ്റിലായ സ്ത്രീകൾ തൻ്റെ ഭാര്യയുടെ സഹോദരിമാരാണെന്ന് കുഞ്ഞിൻ്റെ പിതാവ് മൊഴി നൽകി. ഏറെ നാളുകളായി വിവാഹം കഴിക്കാൻ ഇവർ ആഗ്രഹിച്ചിരുന്നു. എന്നാൽ വിവാഹാഭ്യർഥനകൾ പലപ്പോഴും മുടങ്ങിയതോടെയാണ് ദുരാചാരത്തിൻ്റെ ഭാഗമായി പിഞ്ചുകുഞ്ഞിനെ ബലി നൽകാൻ തീരുമാനിച്ചതെന്നും പിതാവ് വിശദീകരിക്കുന്നു. നാല് പ്രതികളെയും അറസ്റ്റ് ചെയ്ത പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.